Saturday, January 29, 2011

നിമിഷങ്ങള്‍


നിമിഷങ്ങള്‍


ഏതാണ്ട് ഒരു മണിക്കൂറോളം പുറത്തു കാത്തു നിര്‍ത്തി ക്ഷമയെ പരീക്ഷിച്ചിട്ടേ വില്ല്ലേജ് ഓഫീസര്‍ എന്നെ അകത്തേക്കു വിളിച്ചുള്ളു. അബലകളായ സ്ത്രീകളോടു പോലും മയമില്ലാത്ത ഒരു മുരടന്‍ . മരമോന്ത കണ്ടാല്‍ തന്നെ കുടയുടെ മൂടുവച്ച് മൂക്കിനിട്ട് ഒന്നു കൊടുക്കാന്‍ തോന്നും. ഒരു വരുമാന സര്‍ട്ടിഫിക്കറ്റ് എഴുതിത്തരാന്‍ കഴിയാത്തത്ര തിരക്കൊന്നും കഴിഞ്ഞ ഒരു മണിക്കൂറില്‍ എനിക്കു കാണാനേ കഴിഞ്ഞിരുന്നില്ല.

ഒരു റിസര്‍ച്ച് വിദ്യാര്‍ത്ഥിനി കേവലം ഒരു എസ്.എസ്.എല്‍.സി ക്കാരന്‍ മാത്രമായേക്കാവുന്ന അയാളുടെ കനിവിനു വേണ്ടി കാത്തുനില്ക്കുന്നതില്‍ എന്തോ ഒരു സുഖം അയാള്‍ക്കു കാണുമായിരിക്കും. അല്ലെങ്കില്‍ വന്ന പാടേ ഞാനെന്റെ അത്യാവശ്യങ്ങള്‍ അറിയിച്ചിട്ടുംവെയിറ്റ് ചെയ്യൂഎന്നു അത്ര ഗൌരവത്തില്‍ പറയുമായിരുന്നില്ല. ഒരു ജില്ലാകളകടർക്ക് ഇത്രകനമുള്ള തല കാണുമെന്നു തോന്നുന്നില്ല.

ആവശ്യക്കാരിയ്ക്കു് ഔചിത്യമില്ലല്ലോ! ഓഫീസര്‍ കനിഞ്ഞുനല്‍കിയ വരുമാനസര്‍ട്ടിഫിക്കറ്റിനു പ്രതിഫലമായി നൂറിന്റെ ഒരു നോട്ട് തുറന്നുവച്ചിരുന്ന മേശയുടെ വലിപ്പിലേക്കു വച്ചുകൊടുത്തു. അതു ഒരു അവകാശമെന്നമട്ടില്‍ ലാഘവത്തോടെ അയാള്‍ സ്വീകരിച്ചു. ഒരു റിസര്‍ച്ച് വിദ്യാര്‍ത്ഥി നിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിലും അയാള്‍ക്ക് പ്രത്യേക സംതൃപ്തി തോന്നിയിരിയ്ക്കും.

സത്യത്തില്‍ കൈക്കൂലി വാങ്ങിയ അയാൾക്കല്ല കൊടുത്ത എനിയ്ക്കായിരുന്നു ഒരു ഉളുപ്പ് അനുഭവപ്പെട്ടത്. ഛെ!

കടകമ്പോളങ്ങളും ആള്‍ത്തിരക്കുമില്ലാത്ത ഒരു ഒഴിഞ്ഞ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസില്‍ മുമ്പ് ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ ഞാൻ വന്നിട്ടുള്ളു. എന്റെ വീട്ടില്‍ നിന്നും ഏതാണ്ട് നാലുകിലോമീറ്ററിന്റെ ദൂരമേ ഉണ്ടാകൂ എങ്കിലും അപരിചിതമായ ഒരു ലോകത്ത് നില്‍ക്കുന്ന അനുഭവമാണ് എനിക്കുള്ളത്. ഒരു മരണത്തിലോ, വിവാഹത്തിലോ സംബന്ധിക്കാന്‍ പോലും ഭാഗത്ത് വരേണ്ടി വന്നിട്ടില്ല.

ഞാന്‍ താമസിക്കുന്ന വില്ലേജിന്റെ ഓഫീസ് ഇവിടെയാണെന്ന ബന്ധമേ സ്ഥലവുമായി എനിക്കുള്ളൂ. സ്ഥ ലത്ത് ബന്ധുക്കളോ പരിചയക്കാരോ ആരും തന്നെയില്ല. അമ്പത് കിലോ മീറററുകള്‍ക്ക് അപ്പുറമുള്ള തലസ്ഥാന നഗരിയുടെ മുക്കും മൂലയുമറിയാവുന്ന ഒരുത്തിക്ക് സ്വന്തം വില്ലേജിന്റെ ഭൂമിശാസ്ത്രം ഇതുവരെയും നേരെ അറിയില്ല! സ്കുളിലേക്കോ കോളജിലേക്കോ പോകാനും ഒരിക്കലും ഇതു വഴികടന്നു പോകേണ്ടി വന്നിട്ടില്ല.

വഴി വേറെയാണ്. ഇതൊരു പ്രധാന വീഥിയല്ല.

വില്ലേജ് ഓഫീസിലേക്കു കയറുന്ന പടിക്കെട്ടിന്റെ വലതു വശത്തുള്ളു വെയിറ്റിംഗ് ഷെഡ്ഡില്‍ പടിഞ്ഞാറു ഭാഗത്തേക്കുള്ള വണ്ടിയും കാത്തു ഞാന്‍ നിന്നു.

കുറച്ചപ്പുറത്തായി ഒരു ചായക്കടയും പലചരക്കുകടയും നില്പില്‍ കാണാം. കടകളില്‍ വലിയ ബിസിനിസൊന്നും ഇപ്പോള്‍ നടക്കുന്നില്ല. റോഡിന്റെ മറുവശത്ത് വെയിറ്റിംഗ് ഷെഡ്ഡിന് അഭിമു ഖമായി ഒരു മുറുക്കാന്‍ കട. അതിന്റെ പുറത്തിട്ടിരിക്കുന്ന ബഞ്ചില്‍ ഒരു മധ്യവയസ്കന്‍ ഇരിപ്പുണ്ട്. പിന്നെ കടയുടമയും ഒരു പയ്യനും കൂടിയേ അവിടെയുള്ളു.

പതിമൂന്ന് വയസു തോന്നിക്കുന്ന പയ്യന്‍ എന്തൊക്കെയോ വാങ്ങി കൊറിക്കുന്നുണ്ട്.

വെറുതെ ഒരു കൌതുകത്തിനുവേണ്ടി മാത്രമാണ് മുറുക്കാന്‍ കടയില്‍ എനിക്ക് അഭിമു ഖമായി ഇരിക്കുന്ന അപരിചിതനായ മദ്ധ്യവയസ്ക്കന്നെ ഞാന്‍ ഒന്നു നോക്കിയത്.

മുന്‍ വശത്തെ തലമുടിയില്‍ മാത്രം അല്പം നര ബാധിച്ച ഒരു സുമുഖനാണ്. കിഴക്കുഭാഗത്തേക്കുള്ള ബസ്സില്‍ പോകാനോ, വെറുതെ നേരം പോക്കിനോ ഇരിക്കുന്ന തദ്ദേശവാസിയാകാം. അയാളുടെ കണ്ണുകള്‍ ഒന്നു രണ്ടുപ്രാവശ്യം എന്റെ കണ്ണുകളുമായി ഉടക്കി. അയാള്‍ക്ക്‌ എന്നെ അറിയുമോ? ഏതായാലും എനിക്കു ഒരു പരിചയവുമില്ല.

ഞാന്‍ മനുഷ്യനെ കാര്യമായി ശ്രദ്ധിക്കുന്നുണ്ടെന്ന അറിവ് അയാള്‍ക്ക്‌ നല്‍കാതിരിയ്ക്കാന്‍ യത്നിച്ചു.

കാഴ്ചയില്‍ മാന്യനെങ്കിലും അപരിചിതയായ ഒരു പെണ്‍കുട്ടിയെ നോക്കുന്നതില്‍ അയാൾക്ക് പുരുഷസഹജമായ വികാരത്തിന്റെ പ്രേരണയുണ്ടാകുമെന്ന് എനിക്കറിയാം. സാമാന്യത്തിലും അല്പംകൂടി സൌന്ദര്യം കൊണ്ട് അനുഗ്രഹീതയാണെന്ന ബോദ്ധ്യം അല്പം അഹന്തയില്‍ പൊതിഞ്ഞു ഞാന്‍ സൂക്ഷിക്കുന്നുണ്ട്.

എത്രയോ ചെറുപ്പക്കാര്‍ എന്നെ നോക്കി ചൂളിപ്പിച്ചിരിക്കുന്നു. എത്രയോ പേര്‍ കമന്റടിച്ച് സായൂജ്യമടഞ്ഞിരിക്കുന്നു. എന്നോടു പ്രേമം അഭ്യര്‍ത്ഥിച്ചവരുടെ എണ്ണവും കൃത്യമായി ഓര്‍ക്കാന്‍ കഴിയില്ല. എന്റെ പുറകെ നടന്നു തേഞ്ഞു തീര്‍ന്ന ചെരിപ്പുകളോടാണ് എനിക്കു സഹതാപം.

ചെറുപ്പക്കാര്‍ക്ക് ഞാനൊരു ലഹരി ആകുന്നതില്‍ ഉള്ളില്‍ അഭിമാനം തോന്നിയിട്ടുണ്ടെങ്കിലും സദാചാരത്തിന്റെ വേലിക്കെട്ടുകള്‍ ശരീരം കൊണ്ടു തകർത്തിട്ടില്ല. എന്നുവച്ച് ചിന്തകള്‍ക്കുണ്ടോ , സദാചാരത്തിന്റെ അതിര്‍ത്തി രേഖകള്‍! ഇല്ലെന്നു ചിന്താപരമായ എന്റെ അനുഭവങ്ങൾ എന്നെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.

മനസിന്റെ ഉള്ളറകളിൽ അനുനിമിഷം എത്രപാപങ്ങളാണു നാം ചെയ്തു കൂട്ടുന്നത്! കൊള്ള, കൊല, വഞ്ചന, ചതി, വ്യഭിചാരം എന്നു വേണ്ട മനസു കൊണ്ട് മനഷ്യൻ എത്ര തിന്മകൾ ചെയ്തുകൂട്ടുന്നു! അതു പോലെ നന്മകളും. പക്ഷെ എല്ലാം അവരവരുടെ സ്വന്തം ചിന്താ മണ്ഡലത്തിൽ മാത്രം നിർദോഷമായി ഒതുങ്ങിക്കൂടുന്നു.

ഇവിടെ ഇപ്പോൾ എന്റെ ചിന്തകൾ വഴി തെറ്റുകയാണ്!

എതിരെയുള്ള മുറുക്കാൻകടയുടെ ബഞ്ചിലിരിക്കുന്ന മദ്ധ്യവയസ്കന്റെ കണ്ണുകൾക്ക് പ്രായബോധമില്ലാത്തതുപോലെ എന്റെ ശരീരത്തിൽ പരതിനടക്കുന്നതു ഞാൻ അറിയുന്നു. എന്റെ കണ്ണുകളിലും കവിളുകളിലും തെന്നിക്കളിച്ച മനുഷ്യന്റെ കണ്ണുകൾ താഴേയ്ക്കു ഊർന്നിറങ്ങുന്നതും ഞാനറിയുന്നു. എന്റെ ശരീരത്തിൽ ഒരു ഉഷ്ണക്കാറ്റ് വന്ന് തഴുകുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു.

പടിഞ്ഞാറു ഭാഗത്തേക്ക് എനിക്കു പോകേണ്ട വണ്ടി എപ്പോഴാണെന്ന് നിശ്ചയമില്ല. എപ്പോഴായാലും ഒരു വണ്ടി വന്നിട്ടേ ഇവിടെ നിന്നു പോകാൻ കഴിയു. ദൈർഘ്യമില്ലാത്ത കാത്തുനില്പിന്റെ നിമിഷങ്ങളെ ആസ്വാദ്യകരമാക്കുവാൻ എന്റെ സ്ത്രീമനസ് കൊതിച്ചത് ഒരു പാപചിന്തയായി ഇപ്പോൾ ഞാൻ കരുതുന്നതേയില്ല. തികച്ചും നിർദ്ദോഷമായ ഒരു കുസൃതിയ്ക്ക് ഞാൻ സജ്ജയായി.

ഇരുപത്തിനാലുകാരിയായ ഒരു സുന്ദരി പെൺകുട്ടിയെ നോക്കിലും ചിന്തയിലും മാത്രമേ ഒരു പക്ഷെ പാവം മധ്യവയസ്കന് പ്രാപിക്കാൻ കഴിയുകള്ളു. അല്പം മറഞ്ഞുനിൽക്കാനുള്ള സൌകര്യം വെയിറ്റിംഗ് ഷെഡ്ഡിൽ കണ്ടെങ്കിലും എന്റെ ഉദാരമനസ്ക്കത അയാൾക്കു അനുകൂലമായി.

ഇടയ്ക്കിടെ അയാൾ മുഖം തിരിച്ച് കടക്കാരനോടും അടുത്തു നിൽക്കുന്ന പയ്യനോടും കുശലം പറയുന്നത് വ്യക്തമായി കേൾക്കാൻ കഴിയുന്നില്ലെങ്കിലും അവരിലും എന്നിലും സംശയമുണ്ടാക്കാതിരിക്കാനുള്ള സൂത്രമാണെന്നു എനിക്കു മനസിലാക്കുന്നുണ്ട്. അയാളുടെ ചലനങ്ങളെ അയാളറിയാതെ തന്നെ നിരീക്ഷിക്കുവാൻ ഞാൻ യത്നിച്ചു.

സത്യത്തില്‍ എന്റെ സ്വഭാവശുദ്ധിയിൽ അയാൾക്കു ഒരു സംശയവും തോന്നാത്ത വിധത്തിൽ ഒന്നും അറിയാത്തൊരു ഭാവത്തിൽ അയാളോട് സഹകരിക്കുകയാണ് ശരിക്കും ഇപ്പോൾ ഞാൻ ചെയ്യുന്നത്.

എന്റെ നെഞ്ചിലെ തള്ളിച്ചകളെ മറയ്ക്കുന്ന ചുരിദാറിനടിയിൽ അയാളുടെ തുറന്നകണ്ണുകൾ ഉടക്കിയപ്പോൾ മാന്യതയുടെ സീമകൾ ലംഘിക്കുന്നുവോ എന്നു ഞാൻ ശങ്കിച്ചു. എങ്കിലും എന്റെ ബാഗിൽ നിന്ന് എന്തോ എടുക്കുന്നുവെന്ന നാട്യത്തിനിടയിൽ ഇളക്കം വന്ന ഷാൾ ശരിയാക്കുന്നതുപോലെ അതു കുറച്ചുകൂടി മുകളിലോട്ട് ചെരുകിഅഡ്ജസ്റ്റ്ചെയ്തു.

ഇപ്പോൾ എന്റെ മാറിടങ്ങളുടെ മുഴുപ്പ് അയാൾക്കു കുറച്ചു കൂടി വ്യക്തമാകും. അയാളുടെ ചൂഴ്ന്നകണ്ണുകൾ അവിടെത്തന്നെ തറച്ചു നിന്നപ്പോൾ ഉണ്ടാ‍യ ചൂളൽ കർച്ചീഫുകൊണ്ട് മുഖം തുടയക്കുന്നതിലൂടെ ഞാൻ അതിജീവിച്ചു. എന്റെ കണ്ണുകൾ ഇടയ്ക്കിടെ അയാളുടെ കണ്ണുകളിൽ ഉടക്കുമ്പോൾ ഒന്നും സംഭവിക്കാത്ത ഭാവത്തിൽ മാന്യത സംരക്ഷിച്ചതിൽ അയാളോടു എനിക്കു മതിപ്പു തോന്നി.

സുരക്ഷിതമായ സ്ഥലവും സൌകര്യവും ഒത്തുകിട്ടാത്തതുകൊണ്ട് മാത്രമാണ് സ്ത്രീകൾ ചാരിത്ര്യവും സദാചാരവും സൂക്ഷിക്കുന്നതെന്നു പറയുന്നതിൽ യാഥാർഥ്യമുണ്ടെന്നു ഞാൻ മനസിലാക്കുന്നു. അല്ലെങ്കിൽ ഇവിടെ, വെയിറ്റിംഗ് ഷെഡ്ഡിൽ ആരും ഇല്ലാത്ത സന്ദർഭത്തിൽ പ്രായത്തിനു ചേരാത്ത ഒരു പുരുഷനു വേണ്ടി പ്രദര്‍ശന വസ്തുവായി സഹകരിച്ചു കൊടുക്കണമോ? അയാളുമൊത്തുള്ള സമാഗമ ചിന്തകള്‍ എന്റെ മനസ്സില്‍ കടന്നുകൂടുമോ?

വിശ്വവിഖ്യാതനായ ഏതോ ഒരു ഗ്രന്ധകാരന്റെ തത്വചിന്തകളുടെ കൂട്ടത്തില്‍ നിന്നാണോ എനിക്കീ പ്രേരണ കിട്ടിയിട്ടുണ്ടാവുക? ഗ്രന്ഥമോ ഗ്രന്ധകാരനെയോ ഇപ്പോള്‍ ഓര്‍മ്മവരുന്നില്ല.

മനുഷ്യമനസിലെ ചിന്തകള്‍ക്ക് യാഥാര്‍ത്ഥ്യമെന്നോ, അയാഥാര്‍തഥ്യമെന്നോ, സംഭാവ്യമോ അസംഭാവ്യമോ എന്നോ സദാചാരമെന്നോ ദുരാചാരമെന്നോ ഒന്നുമില്ലെന്നു അങ്ങനെ ഏതോ ഒരു ഗ്രന്ഥത്തില്‍ വായിച്ചതായി ഓര്മ്മ വരുന്നു. ഓരോ മനുഷ്യനും പുറത്തു പറഞ്ഞാല്‍ തല്ലുക്കൊള്ളുന്ന എത്രയെത്ര വിചിത്ര ചിന്തകളായിരിക്കും കൊണ്ടുനടക്കുന്നത്?

അതുകൊണ്ട് യാദ്യശ്ചികമായ ഒരു സന്ദര്‍ഭത്തിലെ എന്റെ പാപ ചിന്തകള്‍ എന്നില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നത് ആകയാല്‍ അതിനെ നിയന്ത്രിക്കേണ്ട ഒരു കാര്യവുമുണ്ടെന്നു ഞാന്‍ ഇപ്പോള്‍ കരുതുന്നതേയില്ല.

ഇപ്പോള്‍ അയാള്‍ എന്റെ ശരീരത്തില്‍ നിന്നും കണ്ണുകള്‍ പിന്‍വലിച്ച് ഏതോ ഒരു സ്വപ്ന ലോകത്തിലാണ്!

എനിക്കറിയാം; അയാളുടെ ഭാവനകള്‍ക്ക് ചിറക് മുളയ്ക്കുകയാണ്. അയാള്‍ എന്നെ ഏതോ സ്വപ്ന ലോകത്തിലേയ്ക്കു കൂട്ടിക്കൊണ്ടു പോവുകയാണ്. ഏതോ വിനോദസഞ്ചാരകേന്ദ്രത്തിലോ, ഏതോ ഹോട്ടൽ മുറിയിലോ, ഏതോ ഒഴിഞ്ഞവീട്ടിലോ, ഏതോ ആളുചെല്ലാത്ത കുറ്റിക്കാട്ടിലോ, എവിടെയുമാകാം. ഉടയാടകള്‍ക്ക് പ്രസക്തിയില്ലാത്ത നിമിഷങ്ങളില്‍ അയാള്‍ എന്നെ മൊത്തിക്കുടിക്കുകയാകാം.

ഓരോ ഇടവേളകളിലാകാം അയാള്‍ ഇടയ്ക്കിടെ എന്നെ നോക്കിയിട്ട് വിദൂരതയില്‍ കണ്ണുനട്ട് വീണ്ടും സ്വപ്ന ലോകത്തിലിരിക്കുന്നത് !

അയാള്‍ മതിയാകുവോളം സ്വപ്നം കാണട്ടെ. ആസ്വദിക്കട്ടെ. അയാളുടെ ഉൾത്താരിന് ഉൾക്കുളിരായി അയാളുടെ എല്ലാ ഇംഗിതങ്ങളോടും പൂര്‍ണ്ണാര്‍ത്ഥത്തില്‍ സഹകരിച്ച് ഞാന്‍ സഹശയിക്കട്ടെ. എന്നെ കണ്ടത് ഏതാനും ദിവസങ്ങളെങ്കിലും അയാളുടെ ഓര്‍മ്മയില്‍ കുളിരുപാകട്ടെ. എന്നെയോര്‍ത്ത് ഉയിര്‍ കൊള്ളുന്ന പ്രേരണയില്‍ അയാളുടെ പത്നിയെ പല രാത്രികളിലും വിധേയയാക്കി സുഖം കൊള്ളട്ടെ.

നഷ്ടപ്പെടുവാനില്ലൊന്നും എനിക്കീ ശിഥില ചിന്തകളല്ലാതെ!

ഒരു ഓട്ടോറിക്ഷയുടെ ആഗമനമറിഞ്ഞ് കടയില്‍ നിന്നു പയ്യന്‍ റോഡിനരികിലേക്കു വേഗം ഇറങ്ങിവന്നു. കാലി ഓട്ടോയാണെന്നു കണ്ട് കൈ കാട്ടി നിറുത്തിച്ചു. പിന്നെ തിരിച്ചുചെന്നു ബഞ്ചിലിരുന്ന മധ്യ വയസ്ക്കനെ പിടിച്ചെഴുന്നേലപിച്ച് നടത്തിക്കുന്നു. ഞാന്‍ തെല്ലൊന്ന് ആശ്ചര്യപ്പെട്ടു.

അയാൾക്കു അസുഖം വല്ലതുമായിരിക്കുമോ? അതോ അംഗവൈകല്ല്യമോ?

പയ്യൻ പിടിച്ചുനടത്തിയ്ക്കുമ്പോഴും അയാളുടെ കാലുകൾക്കു കുഴപ്പമില്ലെന്നു മനസ്സിലാക്കി. പിന്നെ.......?

രണ്ടുമൂന്നു ചുവടുവച്ചതും പയ്യന്റെ വഴികാട്ടലും ശ്രദ്ധിച്ചപ്പോൾ അപ്രിയ സത്യം തെല്ലു സങ്കോചത്തോടെ ഞാന്‍ അറിഞ്ഞു;

അയാള്‍ അന്ധനാണ്!

അയാളെ ഓട്ടോയില്‍ കയറ്റി സഹായിയായ പയ്യനും കൂടെ കയറി കിഴക്കോട്ടു യാത്ര തിരിയ്ക്കുമ്പോള്‍ പടിഞ്ഞാറേയ്ക്കുള്ള വണ്ടി എനിയ്ക്കു വേണ്ടി വന്നു നിന്നു. അമളി പറ്റിയ ദുര്‍ബല നിമിഷങ്ങളെ പഴിച്ച് വല്ലാത്തൊരു കുറ്റബോധവുമായി ഞാനും യാത്രയായി. പാവം അന്ധൻ !

Friday, January 28, 2011

കുമ്പസാരക്കൂട്ടിൽ നിന്ന് തെരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക്!

കുമ്പസാരക്കൂട്ടിൽ നിന്ന് തെരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക്!

മുൻകുറിപ്പ്: ഇത് വായിക്കുമ്പോൾ സ്വാഭാവികമായും നിങ്ങളുടെ മനസിൽ ജീവിച്ചിരിക്കുന്ന ഏതാനും ചിലകഥാപാത്രങ്ങൾ കടന്നുവരും. എന്നാൽ അവർ മാത്രമല്ല ജീവിച്ചിരിക്കുന്ന മറ്റ് നിരവധി പേർ വേറെയുമുണ്ടാകും, ഇതുപോലെ. പക്ഷെ എല്ലാവരും കുഴപ്പത്തിലായി വെളിപ്പെടുത്തപ്പെടുന്നില്ല എന്നേ ഉള്ളൂ. ഇതുവരെ വെളിപ്പെടുത്തപ്പെട്ടവരെക്കാൾ എത്രയോ കാണും ഇനിയും വെളിപ്പെടുത്തപ്പെടാതെ മന്യന്മാരായി ജീവിക്കുന്നവർ!

അല്ലയോ സാഹിബ്, പേരൊന്നും വിളിക്കുന്നില്ല. പേടിച്ചിട്ടാണ്. താങ്കൾ ഇതെന്തിനുള്ള പുറപ്പാടാണ്? നിങ്ങളൊക്കെ ഇതിനകം ജീവിതം നന്നെ അഘോഷിച്ചു കഴിഞ്ഞവരാണ്.സമൂഹത്തിലെ ഉന്നത ശ്രേണിയില്പെടുന്നവർ. മന്ത്രിയാകുന്നതൊന്നും ചെറിയ കാര്യമല്ല. മന്ത്രിയായാലത്തെ സാദ്ധ്യതകളും ചില്ലറയല്ല. പക്ഷെ നമ്മൾ ഒക്കെ പാവങ്ങളാണ്. അന്നന്നത്തെ അഷ്ടിയ്ക്ക് കഷ്ടപ്പെടുന്നവർ. ഉടുതുണിയ്ക്ക് മറുതുണി തേടാൻ ബദ്ധപ്പെടുന്നവർ. ഉള്ളതുകൊണ്ട് ഓണം പോലെ കഴിയുന്നവർ. ഒന്നും തിന്നാനില്ലാത്തപ്പോൾ വിശപ്പിനെത്തന്നെ ചവച്ചരച്ച് വിശപ്പടക്കുന്നവർ.

വോട്ട് തേടി നിങ്ങൾ വരുമ്പോൾ മാത്രം ശ്രദ്ധിക്കപ്പെടുന്നവർ. അപ്പോൾ നിങ്ങളുടെയൊക്കെ ചിരിയും തലോടലുമേറ്റ് രോമാഞ്ചകഞ്ചുകമണിഞ്ഞ് നിങ്ങൾക്ക് വോട്ട് കുത്തുന്നവർ. നമ്മുടെ ഈ വോട്ട് കൊണ്ട് നിങ്ങൾക്ക് കിട്ടുന്ന അധികാരം എങ്ങനെയൊക്കെ എന്തിനൊക്കെ വേണ്ടിയാണ് വിനിയോഗിക്കുന്നതെന്ന് പിന്നീട് ഞങ്ങൾ അന്വേഷിക്കാറില്ല. അതിനുള്ള സമയം നമുക്കില്ല. അഥവാ അന്വേഷിച്ചിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല. എങ്കിലും എന്തൊക്കെയോ ഞെട്ടിപ്പിക്കുന്ന ദുരൂഹതകൾ നിങ്ങളെയൊക്കെ ചൂഴ്ന്നു നിൽക്കുന്നുണ്ടെന്ന് മാധ്യമങ്ങളിലൂടെയും നിങ്ങളെയൊക്കെ അടുത്തറിയാൻ ഭാഗ്യം സിദ്ധിച്ചിട്ടുള്ളവരുടെ മർമ്മറിംഗുകളിലൂടെയും നമ്മൾ മനസിലാക്കിയിട്ടുണ്ട്. പക്ഷെ എങ്കിലും അതൊക്കെ വിശ്വസിക്കാതിരിക്കാനാണ് നമ്മൾ എപ്പോഴും ശ്രദ്ധിച്ചിട്ടുള്ളത്. അതൊക്കെ വിശ്വസിച്ചാലുണ്ടാകുന്ന മാനസികാഘാതങ്ങൾ താങ്ങാനോ അതിന് പ്രതിവിധി കാണാനോ ഉള്ള കഴിവുള്ളവരല്ല നമ്മൾ പാവങ്ങൾ. നമ്മൾ ജനങ്ങൾ പൊതുവെ ദുർബലരാണല്ലോ.

നിങ്ങൾ യാതൊരു ടെൻഷനുമില്ലാതെ ഭൂമിയിൽ സ്വർഗ്ഗരാജ്യം തീർത്ത് ജീവിക്കുമ്പോൾ നമ്മൾ എന്തിന് അനാശ്യമായ കാര്യങ്ങൾ മനസിലിട്ട് മനസിനെ അസ്വസ്ഥമാക്കണം. നിങ്ങളെ പോലെയല്ല, നമുക്ക് ഈ ഭൂമി പലപ്പോഴും ഒരു നരകമാണ്. അതിനിടയിൽ ഇത്തരം കാര്യങ്ങളെ പറ്റി വേവലാതിപ്പെട്ട് സമയം കളയാൻ നമ്മളില്ല. പക്ഷെ നമ്മൾ ഇതിലൊന്നും തല്പരരല്ലാതിരുന്നിട്ടും നിങ്ങൾ എന്തിനാണ് നമ്മെ ഇങ്ങനെ വേട്ടയാടുന്നത്? മറ്റുള്ളവർ പറഞ്ഞ് നമ്മൾ വിശ്വസിക്കാതെ തള്ളിയ കാര്യങ്ങൾ നിങ്ങൾ തന്നെ സ്വയം വിളിച്ചു പറയാൻ തുടങ്ങിയാൽ നമ്മൾ എന്തു ചെയ്യും? നിങ്ങളുടെ കൂട്ടുകാരും വളരെ വേണ്ടപ്പെട്ടവരും വോട്ട് ചെയ്ത് ജയിപ്പിച്ച പാവം ജങ്ങളൊന്നുമായിരുന്നില്ല; നിങ്ങളെത്തന്നെ കൊട്ടേഷനാളെ വച്ച് കൊല്ലാൻ മടിക്കാത്തത്ര ക്രൂരതകൾ കൈമുതലായിട്ടുള്ളവരുമായിട്ടായിരുന്നു നിങ്ങളുടെ ചങ്ങാത്തമെന്നറിയുമ്പോൾ നമ്മളൊന്നും നിങ്ങൾക്കെതിരെ തിരിയാതിരുന്നത് എത്ര നന്നായി?

അല്ലെങ്കിൽ ഇവരുടെയൊക്കെ കൊട്ടേഷൻ സംഘങ്ങൾ പാവം ജങ്ങളെ എന്നേ കൊന്നു കുഴിച്ചുമൂടിയേനെ. നിങ്ങൾക്കൊക്കെ എതിരെ നിയമയുദ്ധത്തിനും മറ്റുമൊക്കെ ഇറങ്ങിത്തിരിച്ചവർ പലരും ഒക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നത് നമ്മെ അദ്ഭുതപ്പെടുത്തുന്നു.കാരണം താങ്കളെത്തന്നെ വധിക്കാൻ മടിക്കാത്തവരായിരുന്നല്ലോ താങ്കളുടെ ബന്ധുക്കൾ. അവർ താങ്കളുടെ കൂടെ നിൽക്കുമ്പോൾ താങ്കൾക്ക് വേണ്ടിയും എന്ത് ചയ്യാൻ മടിക്കില്ല? ഇനി ആരെയൊക്കെ നിങ്ങളുടെ ഈ കൂട്ടുകമ്പനികൾ നേരത്തെ യമ പുരിയിലേയ്ക്കയച്ചിട്ടുണ്ടെന്നും കൂടി വെളിപ്പെടുത്തിയാൽ നമുക്കൊക്കെ കുറച്ചു കൂടി ഭയന്നും വിറച്ചും മാനം മര്യാദയ്ക്ക് ജീവിക്കാമായിരുന്നു. താങ്കളുടെ വാക്കുകളിൽ അങ്ങനെ ചില സൂചനകളും കടന്നു വന്നിട്ടുണ്ട്. ഇനി ഇത്രയുമായ സ്ഥിതിയ്ക്ക് എല്ലാം തുറന്നങ്ങ് പറയുന്നതല്ലേ നല്ലത്.

അല്ല, ഇപ്പോൾ രണ്ടുപേരും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടല്ലോ.അതുകൊണ്ടാണ് ചോദിക്കുന്നത്; നമ്മൾ പാവം ജനങ്ങളെ എന്തിനാണിങ്ങനെ പിരിമുറുക്കത്തിൽ ആക്കുന്നത്? നിങ്ങളിൽ ആർ പറയുന്നതാണ് സത്യം? നമ്മൽ ഇതെങ്ങനെ തിരിച്ചറിയും? കാരണം നമ്മുടെ കൈകളിൽ ഒന്നിനും തെളിവുകളില്ലല്ലോ. തെളിവുകൾ എല്ലാം നിങ്ങൾ രണ്ടു പേരുടെയും കൈകളിൽ ആണല്ലോ. നിങ്ങളുടെ കൂടുതൽ വെളിപ്പെടുത്തലുകൾക്ക് വേണ്ടി നമ്മൾ കാത്തിരിക്കുന്നില്ല. സമയമില്ലാത്തതും താല്പര്യക്കുറവും മാത്രമല്ല കാരണം.എന്തായാലും അവയെല്ലാം അപ്രിയ സത്യങ്ങൾ ആയിരിക്കും എന്ന് നമുക്കറിയാം. അഥവാ ആണെങ്കിലും അല്ലെങ്കിലും പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തു കാര്യം എന്നു ചോദിച്ച പോലെ നമ്മൾ ഇതൊക്കെ എന്തിനറിയണം? നാളെ നിങ്ങൾ വീണ്ടും ഒന്നിച്ചു കൂടെന്നുമില്ല. നിങ്ങളൊക്കെ അടിച്ചു പൊളിച്ച് ജീവിച്ചുകൊള്ളുക. നമ്മൾ പാവങ്ങൾ അതൊക്കെ കണ്ടും കേട്ടും ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽ ഒന്നും അറിയാത്തവരെ പോലെ ജീവിച്ചുകൊള്ളാം. അതിനെങ്കിലും നമ്മെ അനുവദിക്കണമേ, പ്ലീസ്!

മേൽ പറഞ്ഞതിലെ കഥാപാത്രങ്ങൾ കേരളത്തിലെ ഒരു മുൻ മന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവുമാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ അതിന് ഈ പറഞ്ഞ രണ്ടാളും മാത്രമാണ് ഉത്തരവാദികൾ എന്നും ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു! സ്വയം കുറ്റാരോപണങ്ങളുമായി ഓരോരുത്തർ ഇറങ്ങിത്തിരിച്ചാൽ നമ്മൾ എന്തു ചെയ്യും? ഒക്കെ ഒരു ചെവിയിലൂടെ കേട്ട് മരു ചെവിയിലൂടെ കളഞ്ഞിട്ട് വോട്ട് ചെയ്ത് വീണ്ടും അധികരത്തിലേറ്റുകതന്നെ! നമുക്ക് ആ ഒരു സിമ്പിൾ ജോബ് മാത്രമല്ലേ ഉള്ളൂ! ഒരു കൈ സഹായം! ഒപ്പം ആശംസകളും!

പിൻകുറിപ്പ്:എന്തായാലും ഇപ്പോഴെങ്കിലും പറഞ്ഞത് നന്നാ‍യി. എല്ലാവരുടെയും ജീവന്റെ വില വളരെ വലുതാണ്. കൊന്ന് പക തീർക്കാൻ ആർക്കും അവകാശമില്ല. പകയുള്ളവരൊക്കെ മംഗലാപുരത്ത് നിന്ന് ആളെ ഇറക്കാൻ തുടങ്ങിയാൽ പിന്നെ അതിനല്ലേ കാലമുള്ളൂ. ഇവിടെ നിയമങ്ങൾ ഉണ്ട്. തെറ്റു ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരികയേ വേണ്ടൂ!

Thursday, January 27, 2011

കരാർ പണികളിലെ കൊടും ചതികൾ


കരാർ പണികളിലെ കൊടും ചതികൾ

പൊതുമരാമത്ത് വകുപ്പിൽ കരാർ പണികളുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതിയുടെ വിവരങ്ങൾ മനോരമ ചാനൽ പുറത്ത് വിട്ടിരിക്കുന്നു. വാർത്ത രണ്ട് ദിവസമായി ആഘോഷിക്കുന്നുണ്ട്. ഇത് കേട്ടാൽ തോന്നും ഇതുവരെ ആർക്കും കണ്ടെത്താൻ കഴിയാത്ത ഒരു വിവരം ഇപ്പോൾ അവർ കണ്ടെത്തിരിക്കുന്നുവെന്ന്. ഇത് ശ്രദ്ധയിൽ‌പ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി അന്വേഷണത്തിനും ഉത്തരവിട്ടിരിക്കുന്നു. അത് കേട്ടാൽ തോന്നും ഇതുവരെ ഇതു സംബന്ധിച്ച് അറിവില്ലാത്തതുകൊണ്ടാണ് നടപടികൾ ഉണ്ടാകാതിരുന്നതെന്ന്.

പൊതുമരാമത്ത് എഞ്ചിനീയറന്മാരും കോണ്ട്രാക്ടർ മാരും കൂടി ഒത്ത് കളിച്ച് കോടിക്കണക്കിനു രൂപാ സ്വന്തം കീശകളിലാക്കുന്ന കൊടിയ അഴിമതി ഇപ്പോൾ ചാനൽ വെളിപ്പെടുത്തിയപ്പോൾ മാത്രമേ മാലോകരും അധികൃതരും അറിഞ്ഞുള്ളൂ എന്ന് തോന്നും ഇപ്പോഴത്തെ പ്രതികരണങ്ങൾ കണ്ടാൽ.സത്യത്തിൽ കാരാർ പണിയുണ്ടായ കാലം മുതൽ രംഗത്ത് സർക്കാർ ഖജനാവിലെ പണം നല്ലൊരു പങ്കും അന്യാ‍യമായി കോണ്ട്രാക്ടർ മാരുടെയും എഞ്ചിനീയർമാരടക്കമുള്ള പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും കീശകളിലേയ്ക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് കൊച്ചു കുട്ടികൾക്കുപോലും അറിയാം.

രാഷ്ട്രീയക്കാർക്ക് പാർട്ടി ആവശ്യങ്ങൾക്ക് കോണ്ട്ട്രാക്ടർമാർ പണം കൊടുക്കാറുണ്ട്. എന്നാൽ പാർട്ടി ആവശ്യത്തിന് വാങ്ങുന്നതിനെക്കാൾ വലിയ വിഹിതം നേതാക്കൾ സ്വന്തം ആവശ്യത്തിന് പാർട്ടികളുടെ പേരും പറഞ്ഞ് വാങ്ങുന്നുണ്ട്. ബാദ്ധ്യത മൂലം കൊള്ളലാഭം കൊയ്യുന്ന കോണ്ട്രാക്ടർമാർ കരാർ പണികളിൽ കാണിക്കുന്ന ഗുരുതരമായ വീഴ്ചകൾക്കെതിരെ പ്രതികരിക്കാൻ രാഷ്ട്രീയക്കാർക്കും കഴിയുന്നില്ല.

ഒരു പണിയ്ക്കനുവദിക്കുന്നതിന്റെ പകുതി പണം പോലും അതിനു വേണ്ടി വിനിയോഗിക്കുന്നില്ല. പകുതിയും കൊണ്ട്രാക്ടർമാരുടെ കീശകളിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞാൽ അത് അതിശയോക്തിയല്ല. കൂടെകൂടെ റോഡ് പണികൾ നടത്തേണ്ടിവരുന്നതും മറ്റും കൊടുംചതിയുടെ ഫലമായാണ്. ഒരു റോഡ് പണിതാൽ അത് രണ്ട് വർഷം പോലും ഇളകാതെ കിടക്കുന്നില്ലാ എന്നത് കൊടിയ അഴിമതിയുടെ തെളിവാണ്.

വികസനത്തിനുപയോഗിക്കുന്ന പണം മുഴുവൻ കോണ്ട്രാക്ടർ മാരുടെ കീശകളിലേയ്ക്ക് പോകുന്നുവെന്നും അതിനാൽ ജനകീയ കമ്മിറ്റികൾ അഥവാ ബെനിഫിഷ്യറി കമ്മിറ്റികൾ ഉണ്ടാക്കി പണികൾ ഏറ്റെടുത്ത് ചെയ്യണമെന്നും കേരളത്തിൽ ജനകീയാസൂത്രണം തുടങ്ങിയ കാലത്ത് നിർദ്ദേശം നൽകിയിരുന്നു.അതു പ്രകാരം പ്രാദേശിക തലത്തിൽ കുറെ കൊച്ചുകൊച്ചുപണികൾ ഒക്കെ ജനകീയ കമ്മിറ്റികൾ ഏറ്റെടുത്ത് ചെയ്തു. അപ്പോഴാണ് പണികളിലൊക്കെ കരാറുകാർക്ക് കിട്ടുന്ന വമ്പിച്ച ലാഭങ്ങളെക്കുറിച്ച് സാധാരണ ജനങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാൻ കഴിഞ്ഞത്.

എന്നാൽ വലിയ പണികൾ ഒന്നും ബെനിഫിഷ്യറി കമ്മിറ്റികൾക്ക് ഏറ്റെടുത്ത് ചെയ്യാൻ കഴിയാതെ വന്നു. ഒന്നാമത് പണി പൂർത്തിയാകുന്ന മുറയ്ക്കേ ബിൽ മാറാൻ കഴിയുകയുള്ളൂ. അപ്പോൾ മുമ്പേ ബെനിഫിഷ്യറി കമ്മിറ്റികൾ സ്വന്തമായി പണം കണ്ടെത്തേണ്ടി വരുന്നു. ഇത് മിക്കപ്പോഴും അപ്രായോഗികമായി. കരാറുകാരാണെങ്കിൽ മുമ്പേ പണം മുടക്കി പണി ചെയ്തിട്ട് ബില്ല് മാറിയെടുത്തു കൊള്ളും. ബെനിഫിഷ്യറി കമ്മിറ്റികൾക്ക് എവിടെയാണ് മുമ്പേ മുടക്കാൻ പണം?

ആദ്യകാലത്ത് കാശുള്ള ചിലരൊക്കെ പണം കടം കൊടുത്ത് സഹായിച്ചു. ചിലപ്പോൾ ബെനിഫിഷ്യറി കമ്മിറ്റിയിലുള്ള ആരെങ്കിലും പണം മുടക്കി പണി ചെയ്യാൻ തുടങ്ങി. എന്നാൽ പിന്നെപ്പിന്നെ ഇത് അപ്രായോഗികമായി തുടങ്ങി. പ്രത്യേകിച്ചും വലിയ പണികളുടെകാര്യത്തിൽ. റോഡ് ടാറിംഗ് പോലെയുള്ള പണികളിൽ ആവശ്യത്തിന് ആയുധങ്ങളും ഉപകരണങ്ങളും സാധന സാമഗ്രികളും എത്തിക്കുവാൻ ബെനിഫിഷ്യറികൾക്ക് പരിമിതികൾ ഉണ്ടായി. അത്തരം സാധന സാമഗ്രികൾക്കൊക്കെ കരാറുകാരെത്തന്നെ ആശ്രയിക്കേണ്ട സ്ഥിതി ഉണ്ടായി.

പിന്നെ പേരിന് ബെനിഫിഷ്യറി കമ്മിറ്റികൾ ഉണ്ടാക്കിയിട്ട് കമ്മിറ്റി പണി ഏതെങ്കിലും കരാറുകാരനെ ഏല്പിക്കും. അതായത് ഉപഭോക്തൃ കമ്മിറ്റികളുടെ ബിനാമികളായി മാറി കരാറുകാർ. അപ്പോൾ ഫലം പഴയതുപോലെതന്നെയായി. ബിൽ മാറാൻ സമയം ബെനിഫിഷ്യറിയുടെ കൺവീനർ ഒപ്പിട്ടുകൊടുക്കണം എന്നേയുള്ളൂ. വരവുചെലവു കണക്കുകൾ എഴുതി പ്രദർശിപ്പിക്കുകയും വേണം. അങ്ങനെ കമ്മിറ്റികളൂടെ കൺ വീനർമാരും കമ്മിറ്റി അംഗങ്ങളും കൂടി ചെറിയതോതിൽ വിഹിതം പറ്റുന്ന അഴിമതിക്കാരായി മാറി ചിലയിടങ്ങളിലെങ്കിലും.അതായത് അഴിമതിയ്ക്ക് ഒരു ജനകീയ സ്വഭാവം കൈവന്നു എന്ന് സാരം.

ഇപ്പോഴും ബെനിഫിഷ്യറി കമ്മിറ്റികൾ രൂപീകരിച്ച് ചില പണികൾ നടക്കുന്നുണ്ട്. പക്ഷെ കമ്മിറ്റികൾ പേരിനു മാത്രം. ബെനിഫിഷ്യറിയുടെ ബിനാമിയായി കരാറുകാർ പണി ഏറ്റെടുത്ത് ചെയ്യുന്നു. ഫലത്തിൽ പണമെല്ലം പഴയതുപോലെ കരാറുകാരന്റെയും ഉദ്യോഗസ്ഥന്മാരുടെയും കീശകളിലേയ്ക്ക് തന്നെ!

ഏതെങ്കിലും ഒരു അഴിമതി ശ്രദ്ധയിൽ‌പ്പെടുമ്പോ‍ൾ ഒരു അന്വേഷണത്തിനുത്തരവിടുന്നതുകൊണ്ടോ ഒന്നോരണ്ടോ ഉദ്യോഗസ്ഥരുടെ പേരിൽ നടപടി എടുക്കുന്നതുകൊണ്ടോ മാത്രം മതിയായ പ്രയോജനം ഇല്ല. വലിയ എഞ്ചിനീയർമാരെക്കുറിച്ചൊക്കെ അന്വേഷിച്ച് അഴിമതി കണ്ടെത്തി അവരെ സർവീസിൽനിന്ന് പുറത്താക്കിയാൽ പോലും ആയുഷ്കാലം ലാവിഷായി ജീവിക്കാനുള്ളതിലധികം പണം അവർ അതിനകം ഉണ്ടാക്കി കഴിഞ്ഞിരിക്കും. അതായത് ജോലി പോയാലും അവർക്കൊന്നുമില്ല.

കരാറുകാർ ആകട്ടെ ഏതെങ്കിലും നല്ല രണ്ട് പണികൾ ഏറ്റെടുത്ത് ചെയ്തിട്ടുണ്ടെങ്കിൽത്തന്നെ കോടീശ്വരന്മാരായി മാറിയിട്ടുണ്ടാകും.പിന്നെ പണിയൊന്നും കിട്ടിയില്ലെങ്കിലും അവർക്കൊന്നുമില്ല. അതുകൊണ്ട് കരാർ പണിയിലെ അഴിമതിയും ചൂഷണവും ഇല്ലാതാക്കാൻ ഫലപ്രദവും പ്രായോഗികവുമായ മാർഗ്ഗങ്ങൾ ആരായേണ്ടിയിരിക്കുന്നു.

എട്ടാം ക്ലാസ്സ് വരെ മലയാളം പഠനമാദ്ധ്യമമാക്കാൻ ശുപാർശ


എട്ടാം ക്ലാസ്സ് വരെ മലയാളം പഠനമാദ്ധ്യമമാക്കാൻ ശുപാർശ

അങ്ങനെ ഒടുവിൽ അത്രയെങ്കിലുമായി. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ച് ഡോ. ആര്‍ വി ജി മേനോന്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. കേന്ദ്ര ബോര്‍ഡുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവ ഉള്‍പ്പെടെ സംസ്ഥാനത്ത് എല്ലാ സ്കൂളിലും ഹൈസ്കൂള്‍ തലംവരെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കാനും ഹയര്‍ സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ മലയാളം പഠനത്തിന് അവസരമുണ്ടാക്കാനും സമിതി ശുപാര്‍ശ ചെയ്തു.

ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വിശദമായ പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ എസ്.സി..ആർ.ടി യെ ചുമതലപ്പെടുത്തി.വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒന്നുമുതല്‍ എട്ടുവരെ ക്ളാസില്‍ പഠനമാധ്യമം മലയാളമാക്കാന്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേരളത്തിലെ എല്ലാ സ്കൂളിലും ഇതു ബാധകമാക്കണം എന്നാണ് ശുപാർശ. മറ്റു ബോര്‍ഡുകളുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് വ്യവസ്ഥ പാലിച്ചാല്‍ മാത്രമേ എൻ.ന്‍ഒ.സി നല്‍കാവൂ. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ താമസമാക്കി വിദ്യാഭ്യാസം നേടുന്നവര്‍ക്ക് മലയാള പഠനത്തിന് പ്രത്യേക പാഠപുസ്തകം തയ്യാറാക്കണം.

മലയാള പഠനം കാര്യക്ഷമമാക്കാന്‍ സഹായിക്കുംവിധം പിരീഡുകള്‍ പുനഃക്രമീകരിക്കണമെന്ന് ശുപാര്‍ശയുണ്ട്. സംസ്കൃതം, അറബിക് സ്കൂളുകളിലും മലയാള പഠനത്തിന് അവസരം ഉറപ്പുവരുത്തണം. സ്കൂളുകളിലും മലയാളത്തിന് മൂന്നു പിരീഡ് വേണം. കന്നട, തമിഴ് തുടങ്ങിയ മാതൃഭാഷകളില്‍ പഠിക്കുന്നവര്‍ക്കും മലയാള പഠനത്തിന് അവസരമുണ്ടാകണം. ഒന്നാം ഭാഷയിലെ രണ്ടാം പേപ്പര്‍ (മൂന്നു പിരീഡ്) വിദ്യാര്‍ഥികളും പഠിക്കണം. സംസ്കൃതം, അറബിക്, ഉറുദു ഭാഷകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ രണ്ടാം പേപ്പറായാണ് മലയാളം പഠിക്കുന്നത്. മാതൃഭാഷ പഠിക്കാന്‍ ഇവര്‍ക്ക് മതിയായ സമയം കിട്ടുന്നില്ലെന്ന് സമിതി നിരീക്ഷിച്ചു. സാഹചര്യത്തില്‍ രണ്ടു പേപ്പറിനും മൂന്നു പിരീഡ് വീതം അനുവദിക്കണം.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഇപ്പോള്‍ ഇംഗ്ളീഷ് മാത്രമാണ് ഭാഷയായി പഠിപ്പിക്കുന്നത്. ഇതിനു പകരം ഇംഗ്ളീഷോ മലയാളമോ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കണം. പുതിയ രീതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഭാഷാധ്യാപക തസ്തികകള്‍ തീരുമാനിക്കുന്നതിലെ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍ണയിക്കുകയും അധ്യാപക തസ്തികകള്‍ സംരക്ഷിക്കുകയും വേണം. മാതൃഭാഷാപഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടിസ്ഥാന പാഠാവലി എന്ന സമഗ്രമായ പാഠപുസ്തകം വികസിപ്പിച്ചത് സംസ്ഥാന സര്‍ക്കാറിന്റെ നേട്ടമായി സമിതി വിലയിരുത്തി. ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ സ്കൂള്‍ തലത്തില്‍ അവരുടെ മാതൃഭാഷാ പഠനം നിര്‍ബന്ധമാണ്.

ഐക്യപ്പെടലിന്റെ അടിസ്ഥാനഘടകം എന്ന നിലയില്‍ മാതൃഭാഷ സ്കൂള്‍ വിദ്യാഭ്യാസത്തിലെ മുഖ്യഘടകമായി മാറണമെന്ന് സമിതി ചൂണ്ടിക്കാട്ടി. മലയാളപഠനം സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ യോഗ്യതാ മാനദണ്ഡമായി പരിഗണിക്കപ്പെടണം. എന്‍ ശ്രീകുമാര്‍, ആര്‍ ബി രാജലക്ഷ്മി, സി ഉസ്മാന്‍, ചുനക്കര ഹനീഫ, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, എസ്ഇആര്‍ടി ഡയറക്ടര്‍മാര്‍ എന്നിവരാണ് ആർ.വി.ജി മേനോനു പുറമെ സമിതിയിൽ ഉണ്ടായിരുന്നത്.

ഇനി ഇതെത്രകണ്ട് പ്രായോഗികമാക്കാൻ സാധിക്കുമെന്നത് കാത്തിരുന്ന് കാണുകതന്നെ വേണം. പുതിയ നിയമത്തിൽ നിന്ന് ഒഴിഞ്ഞുമാറി മലയാളഭാഷയിൽ നിന്ന് തങ്ങളുടെ സ്കൂളുകളെ എങ്ങനെ രക്ഷിക്കാം എന്നായിരിക്കും ചില ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഇപ്പോൾ ചിന്തിച്ച് തുടങ്ങിയിട്ടുണ്ടാവുക. എട്ടാം ക്ലാസ്സ് വരെ പഠനമാധ്യമം മലയാളമാക്കണമെന്നാണ് സാമിതി ശുപാർശ ചെയ്തിരിക്കുന്നത്. എന്തുകൊണ്ട് പത്താം തരം വരെ നിർബന്ധം വച്ചുകൂടെന്ന് ചോദിക്കുന്നില്ല. കാരണം ഇത്രയെങ്കിലും ആയല്ലോ.

എന്നിരുന്നാലും കാലക്രമേണ പത്താംതരം വരെ മലയാളം പഠന മാധ്യമം ആക്കണം. ഭാഷയെ രക്ഷിക്കുക എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല ഇതിനെ കാണേണ്ടത്. രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ രീതി മാറണം. ഇനിയിപ്പോൾ എട്ടാം തരം കഴിഞ്ഞാലും ഒരു വിഭാഗം മലയാളം മീഡിയവും മറ്റൊരു വിഭാഗം ഇംഗ്ലീഷ് മീഡിയവും പഠിക്കും. അപ്പോഴും സൃഷ്ടിക്കപ്പെടുന്നത് രണ്ടുതരം പൌരന്മാർ. ഒന്നുകിൽ എട്ടാം ക്ലാസ്സിനു മുകളിലും മൊത്തത്തിൽ മലയാളം പഠനമാധ്യമം ആക്കുക. അല്ലെങ്കിൽ മൊത്തത്തിൽ ഇംഗ്ലീഷ് പഠന മാധ്യമം ആക്കുക. ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ മലയാളം മീഡിയം സ്കൂളുകൾ എന്ന തരംതിരിവ് കലക്രമേണയെങ്കിലും ഇല്ലാതാക്കേണ്ടതാണ്.

Tuesday, January 25, 2011

പ്രതികരണങ്ങളിലെ കപടനാട്യങ്ങൾ!


പ്രതികരണങ്ങളിലെ കപടനാട്യങ്ങൾ!

ഈ പോസ്റ്റ് നമ്മുടെയൊക്കെ പ്രതികരണ ശേഷിയെ കുറിച്ചാണ്.നാം എപ്പോഴും പറയാറുള്ളതാണല്ലോ പ്രതികരണ ശേഷിയെപ്പറ്റി. നിങ്ങൾ പ്രതികരണശേഷിയുള്ള ഒരാളാണോ? പ്രതികരണശേഷി ഉണ്ടെങ്കിൽത്തന്നെ പ്രതികരിക്കേണ്ട സന്ദർഭങ്ങളിലൊക്കെ നിങ്ങൾ പ്രതികരിക്കാറുണ്ടോ? ആരോടാണോ, എന്തിനോടാണോ പ്രതികരിക്കേണ്ടത് അത് ആവിധം തന്നെ നിർവ്വഹിക്കുന്നുണ്ടോ? അങ്ങനെ പ്രതികരിച്ചാലുണ്ടാകുന്ന അനന്തര ഫലങ്ങളെ അഭിമുഖീകരിക്കുവാൻ നിങ്ങൾ തയ്യാറാണോ? ജീവിതത്തിലുടനീളം ഈ പ്രതികരണ ശേഷി നിലനിർത്താൻ നിങ്ങൾക്കു സാധിക്കുമോ? ഈ ചോദ്യങ്ങൾക്കൊന്നിനും ഒറ്റവാക്കിൽ സത്യസന്ധമായ ഒരു ഉത്തരം നൽകുവാൻ നിങ്ങൾക്ക് കഴിയില്ലെന്നുതന്നെ വിശ്വസിക്കട്ടെ?

അനീതി എവിടെ കണ്ടാലും ഞാനെതിർക്കുമെന്നൊക്കെ നമ്മളിൽ പലരും പറയാറുള്ളതാണ്. അങ്ങനെ അനീതി കാണുന്നിടത്തൊക്കെ ചാടിവീണ് നമ്മളിൽ എത്രപേർ പ്രതികരിക്കാറുണ്ട്? അങ്ങനെ പ്രതികരിച്ചാൽ തന്നെ ആരെങ്കിലും നമ്മളെക്കുറിച്ച് നല്ലതു പറയുമോ? നമ്മളെ പിന്തുണച്ച് കൂടെ നിൽക്കുമോ? ആരും കൂടെ ഇല്ലെങ്കിലും നമ്മൾ നമ്മുടേതായ പ്രതികരണം നടത്തേണ്ടതല്ലേ? പ്രതികരണത്തിന്റെ കാര്യത്തിൽ നമ്മുടെ സംഭാവന എത്രത്തോളമുണ്ട്? സത്യത്തിൽ നാം ഓരോരുത്തരും സ്വയം വിലയിരുത്തിയാൽ ഇക്കാര്യത്തിൽ നമ്മൾ എത്ര ഉദാസീനരാണെന്ന് മനസിലാക്കാൻ കഴിയും. പല സന്ദർഭങ്ങളിലും പ്രതികരണത്തിന്റെ കാര്യത്തിൽ നാം എത്ര സ്വാർത്ഥരാണെന്ന് മനസിലാക്കൻ പറ്റും. പല സന്ദർഭങ്ങളിലും നാം എത്ര നിസഹായരാണെന്നും മനസിലാക്കാൻ കഴിയും.

ഞാൻ മുഖം നോക്കാതെ അനീതിക്കെതിരെ ശബ്ദിക്കുമെന്ന് നമ്മളിൽ പലരും വീമ്പിളക്കും. നമുക്ക് ഏറ്റവും വേണ്ടപ്പെട്ട ആരെങ്കിലും കൊടിയ അനീതി നടത്തിയാൽ പോലും നാം പ്രതികരിക്കില്ല. മത്രമല്ല ചിലപ്പോൾ ന്യായീകരിക്കുകയും ചെയ്യും. ചിലർ പറയാറുണ്ട് എന്റെ അച്ഛനായാലും ഞാൻ പറയാനുള്ളതു പറയുമെന്ന്! ശരിയായിരിക്കാം; അച്ഛൻ തെറ്റു ചെയ്താൽ നമ്മളിൽ പലരും എതിർത്തേക്കും.അത് തെറ്റെന്നു തന്നെ പറയും. പക്ഷെ മറ്റു പലരും കാണിക്കുന്ന കൊള്ളരുതയ്മകൾ അവരുടെ വിരോധം ഭയന്ന് കണ്ടില്ലെന്നു നടിക്കും. അയൽക്കാരൻ വന്ന് സ്വന്തം പുരയിടം തോണ്ടിയാൽ ചാടിയിറങ്ങും. ആരെങ്കിലും നമുക്ക് വേണ്ടപ്പെട്ടവർ സർക്കാർ റോഡോ മറ്റു പൊതുമുതലോ അന്യന്റെ മുതലോ കൈയ്യേറിയാൽ മിണ്ടാതിരിക്കുകയും ചെയ്യും. തൊട്ട കൈക്ക് അടികൊടുക്കുന്നവരാണത്രേ ചിലർ. എവിട? തന്നെക്കാൾ കൈയ്യൂക്ക് കുറഞ്ഞവർ എന്തെങ്കിലും തെറ്റ് ചെയ്താൽ തൊട്ട കൈക്ക് അടികൊടുത്ത് വലിയ ആളു ചമയും. തനിക്ക് പിടിച്ചു നിൽക്കാൻ കഴിയാത്ത തടിമിടുക്കുള്ള ആരെങ്കിലുമാണ് തെറ്റ് കാണിക്കുന്നതെങ്കിൽ നാക്കുതന്നെ ഇറങ്ങിപ്പോകും. പിന്നെയയല്ലേ കൈ പൊങ്ങുന്നത്.

പലയിടത്തും അരുതാത്ത കാര്യങ്ങൾ നടക്കുമ്പോൾ അടിപേടിച്ച് മിണ്ടാതെ പോകേണ്ടിവരും. ചുരുക്കത്തിൽ കഴുതക്കാമം കരഞ്ഞു തീർക്കുന്നതുപോലെയാണ് നമ്മൾ അവിടെയും ഇവിടെയും നിന്ന് എന്തിനെങ്കിലും എതിരെ വല്ലതും പ്രതികരിക്കുന്നത്. എവിടെനിന്നാണോ പ്രതികരിക്കേണ്ടത്, ആർക്കു നേരെയാണോ പ്രതികരിക്കേണ്ടത് അവർക്കു നേരെ നമ്മുടെ നാവോ മുഷ്ടിയോ ചലിക്കുകയില്ല. അഥവാ അതിനൊന്നും നമൂക്ക് സമയമില്ല. എല്ലാത്തിനും ഭരണകൂടത്തെയും രാഷ്ട്രീയക്കാരെയും വിമർശിച്ച് സായൂജ്യമടയുക. സ്വന്തം ഉത്തരവാദിത്വങ്ങൾ ആരും നിറവേറ്റുകയുമില്ല. ഇന്ത്യയ്ക്ക് അന്ന് ആയിരത്തി തൊള്ളായിരത്തി നാല്പത്തിയേഴിൽ സ്വാതന്ത്ര്യം കിട്ടിയത് ഭാഗ്യം. ഇന്നായിരുന്നെങ്കിൽ സ്വാതന്ത്ര്യ സമരത്തിനിറങ്ങാൻ ഒരുപക്ഷെ ആരുമുണ്ടാകുമായിരുന്നില്ല. നല്ലോരുപങ്ക് ബ്രിട്ടീഷുകാരുടെ പക്ഷത്ത് നിന്ന് ദേശസ്നേഹികളായ സ്വാതന്ത്ര്യ സമരപോരാളികളെ നേരിടുമായിരുന്നു.


ചായക്കടയിലും ചാരായക്കടയിലും ചന്തക്കവലയിലും നാലാൾകൂടിന്നിടത്തൊക്കെ ഇരുന്ന് നാട്ടിൽ നടക്കുന്ന സകല അനീതികൾക്കെതിരെയും നമ്മൾ സംസാരിക്കും. എന്നാൽ ആരാണോ ഈ അനീതി കാണിക്കുന്നത് അവർക്കു നേരെ മുഖാമുഖം ചെന്നുനിന്ന് അതിനെ ചോദ്യം ചെയ്യുമോ? എന്തിനും ഏതിനും പഞ്ചായത്ത് മെമ്പർ മുതൽ കേന്ദ്രഭരണകൂടത്തെയും ലോക രാഷ്ട്രീയ-സാമൂഹ്യ വ്യവസ്ഥിതകൾക്കെതിരെയും വരെ നമ്മൾ നാക്കിട്ടടിക്കും. പക്ഷെ കേൾക്കുന്നവർ അതുമായി ഒരു തരത്തിലും ബന്ധമില്ലാത്തവരും നമുക്ക് ചുറ്റുമുള്ള ആരെങ്കിലും ചിലരും മാത്രമായിരിക്കും. ഒരു യുദ്ധമുണ്ടായാൽ യുദ്ധത്തിനെതിരെ നമ്മൾ സംസാരിക്കും. എന്നിട്ട് കതകുമടച്ച് വീട്ടിലിരിക്കും. അതിനെതിരെ അടുത്ത തെരുവിലെങ്കിലും ഇറങ്ങി നാലാളെക്കൂട്ടി ഒരു പ്രകടനമെങ്കിലും നടത്താൻ തയ്യാറാവുകയുമില്ല. വിലവർദ്ധനവിനെതിരെ സംസാരിക്കും. സർക്കാരുകളെ കുറ്റം പറയും. ക്രിയാത്മകമായി എന്തെങ്കിലും പ്രതികരണത്തിനു തയ്യാറാകാതെ പിന്നെ പുതിയ യാഥാർത്ഥ്യങ്ങളുമായി നാം പൊരുത്തപ്പെടും. അഴിമതിക്കെതിരെ സംസാരിക്കും. അനീതിക്കെതിരെ സംസാരിക്കും. കൊടിയ അഴിമതിയും വൃത്തികേടുകളും നടത്തിയതിനു ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തുവരുന്ന രാഷ്ട്രീയക്കാരനെ പിന്നെയും വോട്ട് ചെയ്ത് അധികാരത്തിലേറ്റുകയും ചെയ്യും.

മദ്യമാഫിയകൾക്കെതിരെ സംസാരിക്കും. രാഷ്ട്രീയക്കാരും മദ്യമാഫിയകളും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങൾക്കെതിരെ ധാർമ്മികരോഷം കൊള്ളും. എന്നിട്ട് അവരുടെ ബാറുകളിൽ ചെന്ന് വിഷച്ചാരായം വാങ്ങിക്കുടിക്കുകയും ചെയ്യും. മദ്യ രാജാവ് മുന്നിൽ വന്നു നിൽക്കുമ്പോൾ മാറാപ്പഴിച്ചിട്ട് ആരാധനയോടെ നോക്കും. ഒത്താൽ അവന്റെ സ്ഥാപനങ്ങളിൽ പോയി തൊഴിലെടുക്കാനും ശമ്പളം പറ്റാനും ഉളുപ്പില്ല. കഞ്ചാവിനെതിരെ സംസാരിക്കും. പുകവലിക്കുന്നവർക്കെതിരെ സംസാരിക്കും. പാൻപരാഗ് വയ്ക്കുന്നവർക്കെതിരെ സംസാരിക്കും. എന്നിട്ട് സ്വയം അതൊക്കെ ചെയ്യുകയും ചെയ്യും. അതൊന്നും ഉപയോഗിക്കാത്തവർ ആണെങ്കിലും സ്വന്തമായി കടയുണ്ടെങ്കിൽ ഈ സാധനങ്ങൾ ഒക്കെത്തന്നെ എടുത്തു വച്ചിട്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു തന്നെ വിറ്റ് ലാഭമുണ്ടാക്കി സ്വന്തം കുട്ടികളുടെയും കുടുംബത്തിന്റെയ്യും ഭാവി സുരക്ഷിതമാക്കും.

സർക്കാർ ഓഫീസുകളിലെ അഴിമതിയെക്കുറിച്ച് പറയും. സ്വജനപക്ഷപാതത്തെ കുറിച്ച് പറയും. ചുവപ്പുനാടയെക്കുറിച്ച് പറയും. കെടുകാര്യസ്ഥതയെക്കുറിച്ച് പറയും. എന്നാൽ സർക്കാർ ഓഫീസിൽ ചെന്നാലോ? ഒട്ട് മിണ്ടുകയുമില്ല. മറിച്ച് കൈക്കൂലിയും മറ്റ് സ്വാധീനങ്ങളും ഉപയോഗിച്ച് സ്വന്തം കാര്യങ്ങൾ ന്യായമല്ലാത്തവകൂടിയും നേടിയെടുക്കുകയും ചെയ്യുക. സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനും കൈക്കൂലിക്കും എതിരെ സംസാരിക്കും. സ്വന്തം കാര്യത്തിനു നേരം വെളുക്കും മുമ്പേ പച്ചനോട്ടുമായി സർക്കാർ ഡോക്ടറുടെ വീട്ടുവാതിൽക്കൽ ചെന്ന് കാത്തു നിൽക്കും. നീതിനിർവ്വഹണരംഗത്തെ അഴിമതിയെക്കുറിച്ചും ക്രിമിനലുകളെ സംരക്ഷിക്കുന്ന രാഷ്ട്രീയക്കാരെക്കുറിച്ചും വലിയ വായിൽ വർത്തമാനം പറയും. വേണ്ടപ്പെട്ട ആരെങ്കിലും തെമ്മാടിത്തരം കാണിച്ച് പോലീസിലാകുമ്പോൾ രാഷ്ട്രീയക്കാരനെ ചെന്നു കണ്ട് കാലു പിടിച്ചും പോലീസുകാർക്ക് കൈക്കൂലി കൊടുത്തും പ്രതിയെ രക്ഷിച്ചെടുക്കും. എന്നിട്ട് നീതിന്യായ വ്യവസ്ഥിതിയുടെ തകർച്ചയെപ്പറ്റി ഓലിയിടും.

മലയാള ഭാഷ മരിക്കുന്നതിനെ പറ്റി സംസാരിക്കും. സ്വന്തം കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളിലേ ചേർക്കുകയുമുള്ളൂ. റോഡിൽ ട്രാഫിക്ക് കുരുക്കിനെതിരെ അധികാരികളെ തെറിപറയും. സ്വന്തം വാഹനം ട്രാഫിക്ക് നിയമം കാറ്റിൽ പറത്തി ഓടിച്ചു പോകും. പരിസരമലിനീകരണത്തിനെതിരെ സംസാരിക്കും. പൊതുവഴികൾ വൃത്തിയാക്കാത്തതിനു നഗര സഭയെയോ മുനിസിപ്പാലിറ്റിയെയോ പഞ്ചായത്തിനെയോ വിമർശിക്കും. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ എല്ലാം കൂടി പൊതുവഴിയിലേയ്ക്ക് തള്ളിവിടുകയും ചെയ്യും. ആളുകൾ സർക്കാർ റോഡും ഭൂമിയും ഒക്കെ കയ്യേറുന്നതിനെതിരെ രോഷം കൊള്ളും. സ്വന്തം വീട്ടിന്റെ മതിൽ കെട്ടുമ്പോൾ റോഡ് പാതിയും അവർക്കു സ്വന്തം! വീടു വയ്ക്കുമ്പോൾ ഇത്ര മീറ്റർ വിട്ടു വീട് വയ്ക്കണം എന്നു നിയമം ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാർക്ക് കൈക്കൂലി കൊടുത്ത് അതിൽ പാതിപോലും വിടാതെ അനുമതി വാങ്ങി വീട് നിർമ്മിക്കും. നിലം നികത്തലിനെതിരെ പരിസ്ത്ഥിതിശാസ്ത്രം പറയും. സ്വന്തം നിലം കോരി കോൺക്രീറ്റ് കൃഷി തുടങ്ങും. ഗതാഗതത്തിന്റെ അപര്യാപ്തതയെപ്പറ്റി പരാതിപ്പെടും. റോഡ് വീതി കൂട്ടാൻ അല്പം സ്ഥലം വിട്ടു കൊടുക്കാൻ പറഞ്ഞാൽ ഉടൻ കോടതിയിൽ സ്റ്റേ വാങ്ങാൻ പോകും.

കൈകാണിച്ചാൽ വണ്ടി നിർത്താത്തതിനെപ്പറ്റി നമുക്ക് പരാതി;. നമ്മൾ വണ്ടിയിൽ കയറിയാൽ പിന്നെ എങ്ങും നിർത്താനും പാടില്ല! ഇനി വണ്ടിയിൽ നമുക്ക് സീറ്റ് കിട്ടിയില്ലെങ്കിലോ? സീറ്റിൽ ഇരിക്കുന്നവരോട് കലി. നമുക്ക് സീറ്റ് കിട്ടുമ്പോഴോ? നമ്മുടെ ദേഹത്തൊന്നും നിൽക്കുന്നവർ ഉരുമ്മിപ്പോകരുത്! പോരാത്തതിനു കുത്തി ഞെരുക്കി ആളെ കയറ്റുന്നതിൽ രോഷവും. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനും എതിരെ പ്രസംഗിക്കും. സ്വന്തം മകന് പൊന്നിൽ പൊതിഞ്ഞ പെണ്ണും, കൊണ്ടുനടക്കാൻ ലേറ്റസ്റ്റ് മോഡൽ കാറും രാജ്യവിസ്തൃതിയുടെ പകുതി ഭൂമിയും നിർബന്ധം. ആർഭാട വിവാഹത്തിനെതിരെ പ്രസംഗിക്കും. സ്വന്തം മക്കളുടെ കല്യാ‍ണത്തിന് തൃശൂർ പൂരത്തിന്റെ ആളും രാഷ്ട്രപതി വരെയുള്ള വി.വി.ഐ.പികളും അംബാനിവരെയുള്ള സമ്പന്നരും സിനിമാ സൂപ്പർ താരങ്ങളും വന്ന് സദ്യ ഉണ്ടിരിക്കണം. ലളിത ജീവിതത്തെപ്പറ്റി ഗാന്ധിജയന്തിയ്ക്കു പോയി ക്ലാസ്സെടുക്കും. കാലിൽ കിടക്കുന്നത് അയ്യായിരമോ അതിനുമുകളിലോ രൂപ വില വരുന്ന ചെരിപ്പായിരിക്കും. വരുന്നത് അൻപതു ലക്ഷം രൂപയുടെ എ.സി കാറിലും, താമസിക്കുന്നത് നിയമസഭാ മന്ദിരം പോലത്തെ വീട്ടിലും. രാജ്യത്തെ പട്ടിണിയിലും ദാരിദ്ര്യത്തിലും ഉൽക്കണ്ഠ രേഖപ്പെടുത്തും. തലയ്ക്കുമീതെ സമ്പത്ത് കുമിഞ്ഞുകൂടിയാലും അറുത്ത കൈയ്ക്ക് ഉപ്പ് തേയ്ക്കുകയുമില്ല.

ഈ നാട് നന്നാകില്ലെന്ന് കൂടെക്കൂടെ പറയും. നാടിന്റെ നാളത്തെ ഭാവിയിൽ ഉൽക്കണ്ഠപ്പെടും. ആരാണ് നാട് നന്നാക്കേണ്ടത്? നാടു നന്നാക്കേണ്ടവർ ആരൊക്കെയോ ഉണ്ട്. അവർ ആരാണെന്ന് പറാൻ അറിയുകയുമില്ല. എന്നാൽ അവർ നന്നാക്കിക്കൊള്ളണം. നമുക്ക് അതിനൊന്നും സമയമില്ല. നമ്മളോക്കെ നല്ല പിള്ളകളാണ്. അങ്ങനെയല്ലാത്തവർ ആരൊക്കെയോ ഉണ്ട്. നമ്മൾ ചെയ്യുന്നതൊക്കെ ശരി. ഇനി തെറ്റാണ് നമ്മൾ ചെയ്യുന്നതെങ്കിലും മറ്റുള്ളവർ അതു ചെയ്യാതിരുന്നാൽ മതി! എന്തിന്റെയും ഏതിന്റെയും എല്ലാ ഉത്തരവാദിത്തങ്ങളും സർക്കരിന്റെയോ മറ്റുള്ളവരുടെയോ തലയിൽ കെട്ടി വച്ചിട്ട് നമുക്ക് നമ്മുടെ കാര്യം മാത്രം! ഒത്തിടത്ത് ഒത്ത പോലെയാണ് നമ്മുടെ ന്യായങ്ങൾ. എന്നിട്ട് നാട് നന്നാകുന്നില്ലെന്ന് പരാതി പറഞ്ഞിട്ടെന്തുകാര്യം? ശരിക്കും നാട് നന്നാകാൻ നാട്ടുകാർ നന്നാവണം. മനുഷ്യൻ നന്നാവാൻ മനസു നന്നാവണം!

Monday, January 24, 2011

ആകാശവാണി സതീഷ് ചന്ദ്രന് ആദരാഞ്ജലികളോടെ!

ആകാശവാണി സതീഷ് ചന്ദ്രന് ആദരാഞ്ജലികളോടെ!

ഇന്ന് ഈ പോസ്റ്റ് എഴുതാനുള്ള കാരണം ആകാശവാണി ആർട്ടിസ്റ്റും ഉന്നതസ്ഥനീയനുമായിരുന്ന സതീഷ് ചന്ദ്രന്റെ മരണമാണ്. ഇന്നത്തെ തലമുറയ്ക്ക് അദ്ദേഹത്തെ നല്ല പരിചയം ഉണ്ടാകില്ല. റേഡിയോയുടെ വസന്തകാലത്തേ ജനിച്ചു വളരാൻ കഴിഞ്ഞവർക്ക് സതീഷ ചന്ദ്രനെ അറിയാതെ വയ്യ. ആളെ ആരും ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം മിക്കവർക്കും തിരിച്ചറിയാം.

റേഡിയോ നാടകങ്ങളിലെ കഥാപാത്രങ്ങളായിട്ടാണെങ്കിലും അവതാരകനായിട്ടാണെങ്കിലും എഴുത്തുകാരനും സംവിധായകനുമായിട്ടാണെങ്കിലും കമന്ററി പറയുന്ന ആളായിട്ടാണെങ്കിലും റേഡിയോ അമ്മാവനായിട്ടാണെങ്കിലും നക്ഷത്ര ശോഭയോടെ തിളങ്ങി നിന്നിരുന്നു അദ്ദേഹം. ഇന്ന് സൂപ്പർ താരങ്ങൾ അറിയപ്പെടുന്നതുപോലെ അവരും ഒക്കെ ഒരു കാലത്ത് സൂപ്പർ താരങ്ങളായിരുന്നു. ശബ്ദം കൊണ്ട് ഇന്ദ്രജാലങ്ങൾ സൃഷ്ടിച്ച് ശ്രോതാക്കളാൽ തിരിച്ചറിയപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്തിരുന്നവർ ആയിരുന്നു അവർ.

സതീഷ് ചന്ദ്രനു പുറമേ വാർത്ത വായിക്കുന്ന രാമചന്ദ്രൻ, പ്രതാപൻ, ഡൽഹി വാർത്ത വായിക്കുന്ന സുഷമ, ശങ്കരനാരായണൻ, ശ്രീകുമാർ, സത്യൻ, മാവേലിക്കര രാമചന്ദ്രൻ, വെണ്മണി വിഷ്ണു തുടങ്ങിയവർ ഒക്കെ അന്ന് ശബ്ദം കൊണ്ട് എല്ലാവരാലും തിരിച്ചറിയപ്പെടുന്നവരായിരുന്നു. രാമചന്ദ്രത്തെ കൌതുകവാർത്തകളുടെ വായന ഏറെ ഹൃദ്യമായിരുന്നു. കൂടാതെ റേഡിയോ നാടകങ്ങളിൽ പങ്കെടുക്കുന്ന പി.ഗംഗാധരൻ, കൃഷണൻ കുട്ടി നായർ, പി.വേണു, റ്റി.പി. രാധാമണിയും സുഷമയും സി.എസ്. രാധാദേവിയും ഒക്കെ ഒരുകാലത്ത് ആളുകളുടെ ഹരമായിരുന്നു. അങ്ങനെ എത്രയോ പേർ. എല്ലാവരുടെയും പേരുകൾ ഒന്നും ഇപ്പോൾ ഓർക്കുന്നില്ല.

ഇപ്പോൾ സതീഷ് ചന്ദ്രൻ മരിച്ചു എന്നറിഞ്ഞപ്പോൾ വലിയ നഷ്ടബോധം തോന്നി. മാത്രവുമല്ല അദ്ദേഹത്തിനേ അൻപത്തിയഞ്ചിൽ താഴെ മാത്രമേ പ്രയമായിരുന്നുള്ളൂ എന്നത് കൂടുതൽ പ്രയാസപ്പെടുത്തുന്നു. ഇനിയും ഏറെ കാലം ഈ ശബ്ദതാരം ജീവിച്ചിരിക്കേണ്ടതായിരുന്നു. ഇനിയും അദ്ദേഹത്തിന് പലതും ചെയുയ്യാൻ കഴിയുമായിരുന്നു. അല്ലയോ ശബ്ദതാരമേ നിങ്ങളുടെ ഭൌതിക ശരീരം മാത്രമേ നഷ്ടമായിട്ടുള്ളൂ. രേഖപ്പെടുത്തപെട്ട ശബ്ദങ്ങൾ എല്ലാം എക്കാലത്തും സൂക്ഷിക്കപ്പെടും. സതീഷ് ചന്ദ്രൻ തന്റെ ശബ്ദങ്ങളിലൂടെ ഇനിയും ജീവിക്കും.

ഞാൻ ഒരിക്കലും അദ്ദേഹത്തെ കണ്ടിട്ടില്ല. അഥവാ ഇനി എവിടെയെങ്കിലും വച്ച് കണ്ടിട്ടുണ്ടെങ്കിൽ തന്നെ തിരിച്ചറിഞ്ഞിട്ടില്ല. പക്ഷെ അദ്ദേഹത്തിന്റെ ശബ്ദം എനിക്ക് നന്നായി തിരിച്ചറിയാം. സതീഷ് ചന്ദ്രന്റെ മരണത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും മറ്റും ഉള്ള ദു:ഖത്തിൽ ഈയുള്ളവരും പങ്ക് ചേരുന്നു. സതീഷ് ചന്ദ്രന് ആദരാഞ്ജലികൾ! അദ്ദേഹത്തിന്റെ പാവന സ്മരണയ്ക്ക് ഞാൻ ഈ കുറിപ്പ് സമർപ്പിക്കുന്നു.

പണ്ട് റേഡിയോ ഒരു കൂട്ടുകാരനെ പോലെയായിരുന്നു. അന്ന് റ്റി.വി പ്രചാരത്തിൽ വന്നിട്ടില്ല. റേഡിയോ മാത്രമായിരുന്നു ആശ്രയം. ആകാശവാണിയും, ആകാശവാണിയുടെ തന്നെ വിവിദ് ഭാരതിയുടെ വാണിജ്യപ്രക്ഷേപണവും മാത്രമല്ല്ല ചില വിദേശ രാജ്യങ്ങളിൽ നിന്നുള്ള മലയാളം പ്രക്ഷേപണവും സ്ഥിരമായി കേട്ടിരുന്നു. ശ്രീലങ്കാ പ്രക്ഷേപണ നിലയം, റേഡിയോ മോസ്കോ ഒക്കെ മലയാളത്തിൽ പ്രക്ഷേപണം ഉള്ളവയായിരുന്നു. ഓരോ ദിവസവും ഓരോ സമയത്തും റേഡിയോവിൽ സ്ഥിരമായുള്ള പരിപാടികൾ ഒക്കെ ഇന്ന് റ്റി.വി പരിപാടികൾ എന്ന പോലെ മിക്കവർക്കും കാണാപാഠമായിരുന്നു.

ഇന്നത്തെ പോലെ കാതിൽ കുന്ത്രാണ്ടം വച്ച് സിനിമാ പാട്ട് കേൾക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നില്ല അന്ന് റേഡിയോ.മുമ്പ് അഭിരുചികൾക്കനുസരിച്ച് മിക്ക പരിപാടികളും ആളുകൾ ശ്രദ്ധിച്ചിരുന്നു. സമയം അറിയാനും റേഡിയോ പരിപാടികളെ ആശ്രയിച്ചിരുന്നു. വാച്ചെങ്ങാനും നിലച്ചാൽ പിന്നെ വാച്ചിൽ സമയം പിടിച്ച് കൃത്യപ്പെടുത്തുന്നതും റേഡിയോയിലെ നേരമൂത്ത് കേട്ടിട്ടായിരുന്നു. ഡൽഹി വാർത്തകൾക്ക് മുമ്പോ പിമ്പോ ഒക്കെ നേരമൂത്തുകൾ ഉണ്ട്.

ഉറക്കമെഴുന്നേൽക്കൽ, മറ്റു ദിന ചര്യകൾ , സ്കൂളിലേയ്ക്ക് പുറപ്പെടൽ ഇതെല്ലാം കേട്ടുകൊണ്ടിരിക്കുന്ന റേഡിയോയെ ആശ്രയിച്ചായിരുന്നു. തിരികെ വീട്ടിൽ എത്തിയാലും അങ്ങനെ തന്നെ. പഠിക്കാനിരിക്കുമ്പോഴും വീട്ടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ശബ്ദം കുറച്ചെങ്കിലും റേഡിയോ കേട്ടുകൊണ്ടിരിക്കും. ഇന്ന് റ്റി.വി ഇല്ലാത്ത വീട് പോലെയാണ് പണ്ട് റേഡിയോ ഇല്ലാത്ത വീട്.

ആദ്യമായി റേഡിയോ വാങ്ങിയ ദിവസത്തെ സന്തോഷം ഇപ്പോഴും പറഞ്ഞറിയിക്കുവാൻ ആകില്ല. ഞാൻ പിതാശ്രീയിൽ നിന്നും പണം വാങ്ങി അയൽ വാസിയായ ഒരാളിൽനുന്നും നിന്നും ഒരു പോക്കറ്റ് റേഡിയോ വാങ്ങിയതോടെയാണ് നമ്മുടെ വീടിന്റെ റേഡിയോയുഗം ആരംഭിക്കുന്നത്. സ്കൂളിൽ പഠിക്കുന്നകാലത്താണ്. അന്ന് വെറും ഇരുപത്തിയഞ്ചു രൂപയ്ക്കാണ് ആ പഴയ പോക്കെറ്റ് റേഡിയോ വാങ്ങിയത്. അയാൾ അത് കാതിൽ വച്ച് കേട്ടാണ് റേഡിയോ വയ്ക്കാനും സ്റ്റേഷൻ മാറ്റി പിടിക്കാനും ഒക്കെ എന്നെ അത് വാങ്ങുന്ന സമയത് അയാൾ പഠിപ്പിച്ചത്. അപ്പോൾ എത്ര ഒച്ച അതിനുണ്ടാകുമെന്ന് പ്രത്യേകിച്ചു പറയേണ്ടല്ലൊ. പെൻ ടോർച്ചിൽ ഇടുന്ന രണ്ട് ബാറ്ററിയായിരുന്നു അതിൽ ഇടേണ്ടിയിരുന്നത്. അക്കാലത്ത് റേഡിയോ ഉള്ള വീടുകളിൽ ആൺകുട്ടികൾ ഒക്കെ ശാസ്ത്രജ്ഞന്മാരാകുന്നത് റേഡിയോയെ പീഡിപ്പിച്ചുകൊണ്ടായിരുന്നു.

റേഡിയോ അഴിച്ചു പിരുത്ത് പണിയുക എന്നത് ആൺകുട്ടികളുടെ ഇഷ്ട വിനോദം ആയിരുന്നു. എനിക്കാകട്ടെ അത് വെറും ഒരു നേരം പോക്കായിരുന്നില്ല. ഒരു ഹോബി തന്നെ ആയിരുന്നു. പെൻ ടോർച്ച് ഇടേണ്ട കൊച്ചു റേഡിയോയിൽ മൂന്നു വലിയ ബാറ്ററികൾ വെളിയിൽ വച്ച് റേഡിയോയുമായി ബന്ധിപ്പിച്ച് വലിയ റേഡിയോയെ പോലെ ഒച്ചകൂട്ടി കേൽക്കുന്ന വിദ്യ അന്ന് ഞാൻ കണ്ടു പിടിച്ചിരുന്നു. പക്ഷെ നോബൽ സമ്മാനമോ മറ്റോ കിട്ടിയാൽ അത് പോയി വാങ്ങാനൊക്കെയുള്ള ബുദ്ധിമുട്ടുകൊണ്ട് അന്ന് അത് ആരോടും പറഞ്ഞില്ലെന്നേയുള്ളൂ. മാത്രമല്ല അടുത്ത വീട്ടിലെ ഒരു ചേട്ടൻ ഘടിപ്പിച്ചിരിക്കുന്നതിന്റെ കോപ്പിയടിയാണെന്ന് ആരോപണം ഉയരാനും സാദ്ധ്യതയുണ്ടായിരുന്നു.

റേഡിയോ ഓൺ ചെയ്ത് കൂട്ടി വച്ചിട്ട് വീട്ടിൽ നിന്നും അവ എത്രദൂരം കേൾക്കാമെന്നറിയാൻ വേണ്ടി വീട്ടുപറമ്പിലും അടുത്തുള്ള വീടുകളിലും റോഡിലും ഒക്കെ ചെന്നുനിന്ന് ശ്രദ്ധിച്ചിരുന്നു. കുളിക്കാൻ കുളക്കരയിലും കിളയ്ക്കാൻ പോകുന്ന പറമ്പിലും ഒക്കെ റേഡിയോ കൊണ്ടു പോയി ഓൺ ചെയ്ത് വയ്ക്കുമായിരുന്നു. ആകാശവാണിയിൽ ചില സമയങ്ങളിൽ റെസ്റ്റ് ഉള്ളത് നമുക്ക് ഇഷ്ടമേ ആയിരുന്നില്ല. ഫുൾടൈം പ്രക്ഷേപണം വേണം!

റേഡിയോയിലെ തുടർനാടകങ്ങൾ സ്ത്രീകൾ അടക്കം നിത്യവും കേട്ടിരുന്നു. നാടകോത്സവങ്ങൾ യഥാർത്ഥ ഉത്സവകാലം പോലെയും. റേഡിയോ പരിപാടികൾ കേട്ട് എഴുത്തുപെട്ടിയിൽ കത്തയക്കൽ, റേഡിയോ അമ്മാവനു കത്തയക്കൽ ഒക്കെ അന്ന് സ്ഥിരമായി ചെയ്തിരുന്നതാണ്. വല്ലപ്പോഴും സൃഷ്ടികൾ അയച്ച് അത് തിരിച്ചു കിട്ടി നിരാശപ്പെടുന്നതും രണ്ടുമൂന്നുദിവസം റേഡിയോയോട് പിണങ്ങി നടക്കുന്നതും പതിവായിരുന്നു.

റേഡിയോയിൽ എഴുത്തുപെട്ടിയിൽ നമ്മുടെ പേരു പറയുമ്പോഴും റേഡിയോ അമ്മാവൻ നമ്മുടെ റേഡിയോ ക്ലബ്ബിന്റെ (സ്റ്റാർ ബാലജനസഖ്യം) പേരു പറയുമ്പോഴും ഒക്കെ രോമാഞ്ചം കൊണ്ടിരുന്നു. തീരെ കൊച്ചിലേ ഏതെങ്കിലും റേഡിയോ കേട്ടുകൊണ്ടിരിക്കെ റേഡിയോയുടെ മുന്നിലെ സുഷിരങ്ങളിൽകൂടി അതിനുള്ളിൽ ഇരുന്ന് സംസാരിക്കുന്നതാരാണെന്ന് കുതൂഹലത്തോടെ സൂക്ഷ്മ നിരീക്ഷണം നടത്തുമായിരുന്നു. അതിനകത്തുള്ള കോയിലുകൾ ഒക്കെ ആൾ രൂപങ്ങളായാണ് മനസിൽ പതിഞ്ഞിരുന്നത്.

നമ്മൾ നല്ല മലയാളം ഒരു വിധം വിധം പറയാൻ പഠിച്ചതിൽ ആകാശവാണിയ്ക്കും ഒരു പങ്കുണ്ട്. ഇന്നും തനത് മലയാളം കേൾക്കണമെങ്കിൽ ആകാശവാണി പിടിക്കണം. ഇപ്പോൾ ചില എഫ്.എം സ്റ്റേഷനുകൾ ഇറങ്ങിയിട്ടുണ്ട്. ആൺപിള്ളേരെയും പെൺപിള്ളേരെയും പ്രേമിക്കാൻ ഫുൾ സ്റ്റോപ്പില്ലാതെ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുകയാണല്ലോ അതിലെ ജോക്കിക്കൊച്ചുങ്ങൾ. വിദേശികൾ ആരെങ്കിലും എഫ്.എം മലയാളം കേട്ടാൽ നമ്മുടെ മലയാള ഭാഷ കുത്തും കോമയുമില്ലാത്ത ഭാഷയാണെന്നേ ധരിക്കൂ. നോൺസ്റ്റോപ്പായാലും ഇടയ്ക്കെങ്കിലും ഒന്നു ഫുൾ സ്റ്റോപ്പിടണ്ടേ. അറ്റ് ലീസ്റ്റ് ഒരു അർദ്ധവിരാമം എങ്കിലും! അതിന് എഫ്.എം മുതലാളിമാർ അവരെ ശ്വാസം വിടാൻ അനുവദിച്ചിട്ടു വേണ്ടേ?

എന്തായാലും ആകാശവാണിയും അതിന്റെ അനന്തപുരി എഫ്.എമ്മും ഒക്കെ ഇന്നും നല്ല മലാളം പറയുന്നുണ്ട്. അതിനും ശ്രോതാക്കൾ ഉണ്ട്. അവർ സദാ ആരെയും പ്രേമിക്കാനോ കാമിക്കാനോ ആഹ്വാനം ചെയ്യുന്നില്ല. പ്രേമുന്നതും കാമുന്നതും ഒക്കെ അവരവരുടെ വ്യക്തിപരമായ കാര്യം. അതിലൊന്നും അവർ ഇടപെടുന്നില്ല. നല്ല നിലവാരമുള്ള പരിപാടികൾ ഇന്നും ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. പക്ഷെ എത്ര പേർ റേഡിയോ കേൾക്കുന്നു എന്നറിയില്ല. നമ്മുടെ വീടുകളിൽ നിന്നൊക്കെ റേഡിയോ അപ്രത്യക്ഷമായിക്കഴിഞ്ഞു. എന്നാൽ ചോദിക്കും ഇതെഴുതുന്ന തന്റെ വീട്ടിൽ റേഡിയോ ഉണ്ടോ എന്ന്.

തീർച്ചയായും ഉണ്ട്. ദാ ഇതെഴുതുന്ന കമ്പെട്ടിയുടെ പുറകിലെ ജനലിൽ സ്ഥിരമായി കെട്ടിത്തൂക്കി ഇട്ടിരിക്കുകയാണ്. ഇപ്പോൾ കുറെ നാളായി കേട്ടിട്ട്. ഇപ്പോഴും നേരം കിട്ടുമ്പോൾ ഞാൻ വിമർശിക്കുന്ന ഭാഷാശൈലിയുടെ കാര്യത്തിൽ ഞാൻ വിമർശിക്കുന്ന സ്വകാര്യ എഫ്.എം ചാനലുകൾ അടക്കം കേൾക്കാറുണ്ട്. കേട്ട്മാത്രം ആസ്വദിക്കുന്നതിലും ഉണ്ട് പ്രത്യേകമാ‍യ ഒരു സുഖം. ഒരു പാട്ട് കണ്ണടച്ചിരുന്ന് കേട്ടാസ്വദിക്കുമ്പോൾ കൂടുതൽ ആസ്വാദ്യകരമായി തോന്നാറില്ലേ?

അങ്ങനെ ഒരു ശക്തിവിശേഷം ശബ്ദത്തിനുണ്ട്. ശബ്ദത്തിനു നമ്മെ മാസ്മരിക ലോകത്ത് എത്തിക്കാനുള്ള കഴിവുണ്ട്. ശബ്ദത്തിന്റെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയത് റേഡിയോ യുഗം തന്നെ! ഇന്നും ശബ്ദത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. പക്ഷെ അത് കേട്ട് പ്രയോജനപ്പെടുത്താൻ ആളുകൾ വിരളമെന്നേ ഉള്ളൂ.

Saturday, January 22, 2011

കള്ളനെപ്പിടി


കള്ളനെപ്പിടി

ഇന്ന് തിരുവനന്തപുരത്ത് വനിതാസാഹിതിയുടെ ചലച്ചിത്ര പഠന ക്യാമ്പിൽ പങ്കെടുക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. പക്ഷെ ബസ് കയറാൻ റോഡ് വരെയെത്തുമ്പോൾ കാലുകൾ രണ്ടിലും കടുത്ത മസിൽ വേദന. പനിയുടെ ലക്ഷണവും. കാരണം എന്താണെന്ന് മനസിലായില്ല. സാധാരണ വൃശ്ചികമാസം ആകുമ്പോൾ ഒരു ജലദോഷപ്പനി വരുന്നതാണ്. അത് നേരത്തെ ചെറുതായി വന്നു പോയതാണ്. പിന്നെ ഇപ്പോൾ......?. പല അസുഖങ്ങളുടെയും ലക്ഷണമാണ് കലുവേദനയും സന്ധി വേദനയും ഒക്കെ. വല്ലാത്തൊരു അസ്വസ്ഥത.

ഒരുവേള ഞാനില്ലാത്ത ലോകത്തെക്കുറിച്ച് തന്നെ ഉൽക്കണ്ഠപ്പെട്ടു? ഞാൻ മരിച്ചു പോയാലോ! എനിക്കു ശേഷം ഇവിടെ പ്രളയമല്ലേ? എന്തായാലും തിരുവനന്തപുരം യാത്ര മാറ്റിവച്ചു. എന്നാൽ നമ്മുടെ അടുത്ത ടൌണായ കിളിമാനൂരിൽ വച്ച് മറ്റൊരു കമ്മിറ്റി ഉണ്ട്. അത് ഒഴിവാക്കിയിട്ടാണ് തിരുവനന്തപുരത്ത് പോകാനിറങ്ങിയത്. എന്നാല്പിന്നെ അതിലെങ്കിലും പങ്കെടുക്കാമെന്നു വിചാരിച്ചു. കൂടുതൽ അസ്വസ്ഥത തോന്നുന്നെങ്കിൽ വീട്ടിലോ ആശുപത്രിയിലോ പോകാമല്ലൊ! ക്യാമ്പിനു വരാൻ കഴിയില്ലെന്ന് വിഷമത്തോടെ അറിയിച്ചു. അങ്ങനെ ടൌണിലേയ്ക്ക് പോകാൻ ബസ് കാത്ത് അല്പസമയം ഇരുന്നപ്പോൾ ത്തന്നെ എന്റെ ശാരീരികാസ്വസ്ഥതകളുടെ കാര്യം മനസിലായി.

മിനിയാന്ന് അർദ്ധരാത്രി അടുത്തൊരു വീട്ടിൽ കള്ളൻ കയറിയെന്ന് വിളിച്ചു പറഞ്ഞു. എന്റെ സഹോദരിപ്പെണ്ണാണ് വിളിച്ചു പറഞ്ഞത്. തൊട്ടുമുമ്പത്തെ ദിവസം അവരുടെ വീട്ടിലെ പുകപ്പുര തുറന്ന് ഉണങ്ങാൻ വച്ചിരുന്ന റബ്ബർ ഷീറ്റുകൾ അപ്പാടെ കവർച്ച ചെയ്യപ്പെട്ടിരുന്നു. അതും കള്ളന്റെ സ്വന്തം പുകപ്പുര പോലെ, സ്വന്തം മുതൽപോലെ ഈസിയായി പൂട്ടുതുറന്ന്! ഒരു മാസം മുമ്പും ഇവിടെ നിന്നും റബ്ബർഷീറ്റുകൾ മോഷണം പോയിരുന്നു. അന്ന് കേസൊന്നും കൊടുത്തില്ല. പാവം കള്ളൻ കൊണ്ടുപോയി ജീവിച്ചോട്ടെയെന്നു കരുതി.

രണ്ടാമത് മിനിയാന്നിന്റെ തലേന്ന് വീണ്ടും റബ്ബർ ഷീറ്റുകൾ മോഷ്ടിച്ചപ്പോൾ ഞാ‍ൻ കൂടി ഇടപെട്ട് പോലീസിൽ പരാതി നൽകിയതാണ്. എന്നിട്ട് പിറ്റേന്നു രാത്രി തൊട്ടടുത്ത വീട്ടിൽ ഇതാ വീണ്ടും മോഷണ ശ്രമം! ടെറസിന്റെ മുകളിൽ ഇരുന്ന് ആരോ ഫോൺ ചെയ്യുന്നതുപോലെ ആ വീട്ടിലെ പയ്യന് (സനൂജ്) തോന്നി. സനൂജ് തൊട്ടടുത്ത് എന്റെ സഹോരീഭർത്താവിനെ വിളിച്ചു. സഹോദരി എന്നെ വിളിച്ചു. കൂടാതെ അവർ രണ്ടു വീട്ടുകാരും അടുത്ത വീടുകളിൽ ഒക്കെ രഹസ്യമായി ഫോൺ ചെയ്തു. ഞാൻ എന്റെ അന്നത്തെ ഡെയ്ലി പോസ്റ്റ് ഇട്ട് കിടന്നുറങ്ങാനുള്ള തയ്യറെടുപ്പിലായിരുന്നു. അപ്പോഴാണ് ഫോൺ. അവരൊക്കെ ഒരുപക്ഷെ പേടിച്ചിരിക്കുകയായിരിക്കും.

അങ്ങനെ അർദ്ധരാത്രി സ്വന്തം ഓട്ടോ ഒതുക്കി നമ്മുടെ വീട്ടിൽ കിടന്നുറങ്ങിയിരുന്ന എന്റെ സന്തത സഹചാരിയായ അമ്പുവുമൊത്ത് മോഷണ ശ്രമം നടന്ന ഭാഗത്തേയ്ക്ക് കുതിച്ചു പാഞ്ഞു. പേടിച്ച് ആ വീട്ടുകാരും നമ്മുടെ സഹോദരീഭർത്താവും സഹോദരിയും മക്കളും മാമിയും ഒക്കെ വീട്ടിനുള്ളിൽ വിറച്ചിരിക്കുകയായിരിക്കും. എന്തായാലും വലിയ ഒരു ഓപ്പറേഷൻ പ്ലാൻ ചെയ്തുകൊണ്ടാണ് ഞാനും അമ്പുവും കുതിച്ചു പാഞ്ഞത്. വീടെത്താറാകുമ്പോൾ ആട്ടോ ശബ്ദമുണ്ടാക്കതെ ന്യൂട്ടറിൽ ഓടിച്ച് ചെന്ന് സ്ലോ ചെയ്ത് ചാടിയിറങ്ങുക. അവിടെ വീട്ടിനു പുറകിലോ ടെറസിനു മുകളിലോ പതുങ്ങിയിരിക്കുന്ന കള്ളനു മേൽ ചാടി വീണ് കള്ളനെ ഞെട്ടിക്കുക. കള്ളനെ പിടിച്ചേ എന്നു വിളിക്കുക.

പക്ഷെ നമ്മൾ അവിടെ സംഭവസ്ഥലത്ത് എത്തുമ്പോഴും ആ പ്രദേശത്തുള്ള സകലരും വിവരമറിഞ്ഞ് ഓടിക്കൂടി കള്ളന്മാരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ അവന്മാർ എവിടെയിരുന്നാണ് ഞെട്ടുന്നതെന്ന് ആർക്കും നിശ്ചയമില്ല. അവർ അവിടെയൊക്കെ കള്ളനെ തിരയട്ടെ. നമുക്കു കുറച്ചു ദൂരം എം.സി റോഡേ ഓടിച്ചുപോയി നോക്കി വരാമെന്നു കരുതി. ഓട്ടോയിൽ കുറച്ചുദൂരം പോയിട്ട് തിരിച്ച് വന്ന് നാട്ടുകരോടൊപ്പം കൂടി. പരിസരമാകെ കള്ളനെ തിരഞ്ഞു. സത്യത്തിൽ നമ്മൾ എത്തുന്നതിനു മുമ്പ് നമ്മുടെ മച്ചമ്പിയും ഇപ്പറയുന്ന ദിവസം കള്ളൻ കയറിയ അടുത്ത വീട്ടിലെ പയ്യനും കള്ളനെ പിടിച്ചു പിടിച്ചില്ലെന്നായതാണ്.

ആദ്യം ഓടി അടുത്ത വീട്ടിൽ ചെന്ന മച്ചമ്പിക്കാരൻ ടെറസിന്റെ മണ്ടയിൽ ഒരുത്തൻ ഇരുട്ടത്ത് നിൽക്കുന്നത്, ആവീട്ടിലെ സനൂജ് ആയിരിക്കുമെന്നു കരുതി സനൂജേ സനൂജേ എന്നു പതുക്കെവിളിച്ചു. അപ്പോൾ സനൂജാകട്ടെ വീട്ടിന്റെ മുൻഭാഗത്ത് നിന്ന് വരുന്നു. പെട്ടെന്ന് മുകളിൽ നിൽക്കുന്നത് കളളൻ എന്നു മനസിലാക്കി ടെറസിനു മുകളിലേയ്ക്ക് ഓടി കയറുമ്പോൾ കള്ളൻ ടെറസിൽ നിന്നും എടുത്തൊരു ചാട്ടം. പിന്നെ ഒരൊറ്റ ഓട്ടം. ഓട്ടത്തിനിടയിൽ വീണ്ടും ഒരു അതിരിന്റെ മുകളിൽ നിന്ന് ചാടി മുട്ടിടിച്ച് വീണിട്ട് അവിടെ നിന്നും ഓടി ഇരുട്ടിൽ മറഞ്ഞു. എന്നിട്ടും അവർക്ക് പിടിക്കാൻ കഴിഞ്ഞില്ല. ആളെ തിരിച്ചറിയാനും കഴിഞ്ഞില്ല. നമ്മുടെ മച്ചമ്പിയും അയൽ വാസി സനൂജും പിടി പറ്റിയ്ക്കുന്നതിനു മുമ്പ് കള്ളൻ വലിഞ്ഞു കളഞ്ഞു. അവാർഡ് കൊടുക്കേണ്ട വിദഗ്ദ്ധനായ കള്ളൻ. എനിക്കവനെക്കുറിച്ച് വലിയ മതിപ്പു തോന്നി.

എന്തായാലും നമ്മൾ പത്തിരുപത് ആളുകൾ, ചെറുപ്പക്കാരും പ്രായമായവരും കൌമാരക്കാരും ഒക്കെ കൂടി പരിസരമാകെ അരിച്ചു പെറുക്കി. സ്ഥലം നല്ല പരിചയമില്ലാത്ത കള്ളനാണെങ്കിൽ രക്ഷപ്പെടാൻ കഴിയില്ല. കാരണം ചതുപ്പും വയലും തോടും കുണ്ടും കഴിയും കാടും നിറഞ്ഞ ഒരു വശത്തേയ്ക്കാണ് കള്ളൻ ഓടി മറഞ്ഞിരിക്കുന്നത്.

ഇതിനിടയിൽ നമ്മളിൽ ഒന്നു രണ്ടുപേർ അടുത്ത് തന്നെയുള്ള തട്ടത്തുമല ജംഗ്ഷനിൽ ചെന്നു നോക്കുമ്പോൾ അസമയത്ത് ബൈക്കും വച്ചു നിന്ന് ഒരുത്തൻ ഫോൺ ചെയ്യുന്നു. കള്ളന്റെ കൂട്ടുകാരൻ തന്നെ ആയിരിക്കും. പിടിച്ചു ചോദ്യം ചെയ്തപ്പോൾ കുടിച്ച് ലക്കുകെട്ട് ബൈക്കോടിക്കാൻ വയ്യാതെ അവിടെ ഒരു ഒഴിഞ്ഞ കടയിൽ കിടക്കാൻ തുടങ്ങുകയായിരുന്നു അയാൾ! അടുത്തൊരു വീട്ടിൽ ടാപ്പിംഗ് നടത്തുന്ന ആളായിരുന്നു അയാൾ. പിന്നെ അയളെയൊക്കെ ഉപേക്ഷിച്ച് നമ്മൾ നാലുവശത്തേക്കും കുതിച്ചു പാഞ്ഞു.

ഇതിനിടയിൽ ഈ വിവരം അറിഞ്ഞ് ഉണർന്നെണീറ്റ തൊട്ടടുത്ത മറ്റൊരു വീട്ടുകാർ നമ്മളിൽ ആരെയോ ഫോൺ ചെയ്ത് കള്ളൻ അവരുടെ വീട്ടിനു മുന്നിൽ ഉണ്ടെന്ന് വിളിച്ചു പറഞ്ഞു. കേട്ടയുടൻ പലഭാഗത്ത് ചിതറി നിന്ന നമ്മൾ എല്ലാവരും കൂടി ആ വീട്ടിലേയ്ക്ക് കുതിച്ചു പാഞ്ഞു. നമ്മുടെ ഓട്ടവും ബഹളവും കണ്ട് അർദ്ധരാത്രിയും എംസി റോഡേ കടന്നു പോകുന്ന വാഹനങ്ങൾ ഒക്കെ ബ്ലോക്കായിക്കൊണ്ടിരുന്നു. ഓടി ചെന്ന് ഒറ്റക്കുതിപ്പിനു കള്ളൻ ഇപ്പോൾ നിൽക്കുന്നുവെന്നു പറഞ്ഞ വീടിന്റെ മതിലിനു മുകളിലേയ്ക്ക് ഞാൻ ഒരു ചാട്ടം വച്ചുകൊടുത്തു. ഒരു കള്ളനെ കൈയ്യോടെ പിടിക്കുന്നതിലുള്ള ത്രില്ലായിരുന്നു. നേരിട്ട് കള്ളന്മരെ തത്സമയം കണ്ടുമുട്ടുക എന്നൊക്കെ പറഞ്ഞാൽ! ആഹഹ!

പക്ഷെ അവിടേയ്ക്ക് ഓടി ചെന്നതും ചാടി കയറിയതും മെച്ചം. അവിടെ കള്ളനുമില്ല കിള്ളനുമില്ല. പിന്നീടാണറിഞ്ഞത് ഈ വീട്ടുകാർ ഉണർന്നു വീട്ടിനുമുന്നിൽ റോഡിലേയ്ക്കു നോക്കുമ്പോൾ രണ്ടുപേർ റോഡ് ക്രോസു ചെയ്യുന്നതു കണ്ടത്രേ.അവർ കള്ളന്മാരാണെന്ന് കരുതി പറഞ്ഞതാണ്. പക്ഷെ അത് സത്യത്തിൽ ഞാനും എന്റെ ഒപ്പം വന്ന അമ്പുവും കള്ളനെ തിരക്കി ഓടിയതാണ് അവർ കണ്ടത്. നമ്മളെ പിടിക്കാൻ നമ്മൾതന്നെ ഓടിച്ചെല്ലുക! ഇത്രയും ആളും പേരും കൂടിയതൊന്നും അവർ അറിഞ്ഞിരുന്നില്ലല്ലോ. ആ ഓട്ടത്തിലും ചാട്ടത്തിലു മാണ് എന്റെ കാലിന്റെ മസിൽ പിടിച്ചത്. അപ്പോൾ അതൊന്നും ശ്രദ്ധിച്ചില്ല. പിന്നെ ആ വീട്ടിലുള്ളവരെ കൂടി കൂട്ടിക്കൊണ്ട് വീണ്ടും കള്ളനു വേണ്ടിയുള്ള തെരച്ചിൽ.

ഇതിനിടയിൽ കള്ളൻമാർ ആരെങ്കിലും എം.സി.റോഡേ ഓടുന്നതു കണ്ടോ എന്നറിയാൻ വരുന്ന വാഹനങ്ങളൊക്കെ തടഞ്ഞു നിർത്തി ചോദിച്ചു. പക്ഷെ ആരും ആരെയും കണ്ടില്ല. എന്നാൽ ഇതിനിടയിൽ പാഞ്ഞുവന്ന ഒരു ഓട്ടോ തടഞ്ഞു നിർത്തിയപ്പോൾ അത് ഒന്നു സ്ലോ ചെയ്തിട്ട് ഒരൊറ്റ പോക്ക്. ഇതു തന്നെ മോഷണ വസ്തുക്കൾ കൊണ്ടുപോകാൻ വന്ന ഓട്ടോ ! കള്ളന്മാർ തന്നെ അതിനുള്ളിൽ !

ഒട്ടും അമാന്തിച്ചില്ല. ആദ്യം സ്റ്റാർട്ടായത് ഒരു ബൈക്കാണ്. അതിൽ മൂന്നുപേർ ഗീർവാണം പോലെ ആട്ടോയെ പിന്തുടർന്നു. അതിനെക്കാൾ വേഗത്തിൽ കള്ളന്മാരുടെ ആട്ടോ പായുന്നു. തൊട്ടുപുറകെ വേറെ ബൈക്കുകൾ, ആട്ടോ, വീടുകളിൽ നിന്നും പെട്ടെന്ന് ചാടിച്ചിറക്കിയ കാറുകൾ ഒക്കെയായി ഒന്നു രണ്ടുപേരെ മാത്രം സംഭവസ്ഥലത്ത് നിർത്തിയിട്ട് നമ്മെ വെട്ടിച്ചു പോയ ഓട്ടോയെ ചെയ്സ് ചെയ്തു. ഒടുവിൽ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ നമ്മൾ എല്ലാവരും മുമ്പേ കള്ളന്മാർ പോയ ആ‍ട്ടോയുമായി തൊട്ടു തൊട്ടില്ലെന്നയി.

പൊടുന്നനേ കള്ളന്മാരുടെ ഓട്ടോ ഇടിച്ച് പോലീസ്സ്റ്റേഷനിലേയ്ക്ക് ഒരു കയറക്കം. തൊട്ടു പുറകെ നമ്മൾ പോയ വാഹനങ്ങളും! നമ്മൾ നേരത്തെ പോലീസിൽ വിളിച്ചപ്പോൾ തന്നെ അവിടെ സ്ട്രെങ്ന്ത് കുറവാണെന്നും ഉള്ള പോലീസുകാർ റൌണ്ട്സിനു പോയിരിക്കുകയാണെന്നും വാന്നാൽ ഉടൻ സംഭവസ്ഥലത്ത് എത്താമെന്നും പറഞ്ഞിരുന്നതാണ്. എസ്.ഐ മാറിയിട്ട് പുതിയ എസ്.ഐ ഇതുവരെ ചാർജെടുത്തിട്ടുമില്ല. സർക്കിളും വീട്ടിൽ പോയിരിക്കുകയാണ്.

എന്തായാലും ഈ അർദ്ധരാത്രി അപ്രതീക്ഷിതമായി ഇത്രയും വാഹനങ്ങൾ പോലീസ് സ്റ്റേഷനിൽ ഇടിച്ചു കയറുന്നതു കണ്ട് ആകെയുണ്ടായിരുന്ന രണ്ടു മൂന്നു പോലീസുകാർ ഞെട്ടി എഴുന്നേറ്റ് പരക്കം പാഞ്ഞു. ഇത് തീവ്രവാദി അക്രമം തന്നെ! ഷൂട്ട് ചെയ്യാമെന്നു വിചരിച്ചാൽ ഓർഡറിടാൻ മേൽ ഉദ്യോഗസ്ഥന്മാരും ഇല്ല. എങ്കിലും പാറാവുപോലി ചാടിപ്പിടച്ച് എടുക്കാൻ വയ്യാത്ത തോക്കൊക്കെ എടുത്തു തയ്യാറായി. തീവ്രവാദികളുടെ അത്യാധുനിക യന്ത്രത്തോക്കിനെതിരെ പോലീസിന്റെ തോട്ട!

പെട്ടെന്നുതന്നെ
എല്ലാവരും യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു. സംഭവിച്ചതെന്തെന്നാൽ, ആ പാവം ആട്ടോക്കാർ രാത്രി നമ്മൾ ഏതോ പിടിച്ചുപറിക്കരാണെന്നു കരുതി ജീവനും കൊണ്ട് ഓടിയതാണ്. വഴിയ്ക്ക് തിരിഞ്ഞു പോകേണ്ട അവർ അത് ഇട റോഡായതുകൊണ്ട് പേടിച്ച് നേരേ പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി പായുകയായിരുന്നു. കൊട്ടാരക്കയിൽ എവിടെയോ പണികഴിഞ്ഞ് പണിസാധനങ്ങളുമായി വന്നവരായിരുന്നു ആ മൂന്നു ചെറുപ്പക്കാർ. നമ്മുടെ യഥാർത്ഥ കള്ളന്മാർക്ക് രക്ഷപ്പെടാനുള്ള അവസരം ഇതിലൂടെ കൈവന്നു.

പോലീസ് സ്റ്റേഷനിൽ നിന്നും ആ ഓട്ടോയിൽ വന്നവരോട് അവരെ ബുദ്ധിമുട്ടിച്ചതിന് മാപ്പുപറഞ്ഞിട്ട് വീണ്ടും നമ്മൾ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചുപോയി. വഴിയിൽ നേരത്തെ പറഞ്ഞ കള്ളുകുടിച്ച് ഫിറ്റായവ ആളിനെ ഒന്നുകൂടി ഇറങ്ങി നോക്കി. അദ്ദേഹം ഗാഢനിദ്രയിലായിരുന്നു. അയാളെ ഉപേക്ഷിച്ച് വീണ്ടും മോഷണം നടന്ന വീടിന്റെ ടെറസു ചെന്ന് പരിശോധിച്ചപ്പോൾ വീട്ടിൽ കഴുകി ഇട്ടിരുന്ന തുണിയൊക്കെ വിരിച്ച് കള്ളൻ നേരത്തെ അവിടെ കിടക്കുകയായിരുന്നെന്ന് മനസിലായി. പറഞ്ഞിട്ടെന്തു കാര്യം? കൈവിട്ടു പോയില്ലെ? നോക്കണേ ഇന്നലെ മോഷ്ടിച്ചവൻ അതേ വീടിനടുത്ത് മോഷണത്തിനു വന്നിരിക്കുന്നു! അത്യാഗ്രഹം എന്നല്ലാതെ എന്തു പറയാൻ?

എന്തായാലും കള്ളന്മാർ കടന്നു പോയേക്കാവുന്ന വഴികളും കുറ്റിക്കാടുകളും പണിതീരാത്ത വീടുകളും ഒക്കെ നമ്മൾ അന്വേഷണ വിധേയമാക്കി. അവിടെ നിന്നും രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെല്ലാം വിളിച്ച് ജാഗ്രതാ നിർദ്ദേശം നൽകി. ഇതിനിടയിൽ തലേദിവസം മോഷണം നടന്ന വീട്ടിന്റെ തൊട്ടടുത്ത് ഒരു കുറ്റിക്കാട്ടിൽ നിന്നും ഒരു എയർബാഗിലും കീസിലുമായി തലേന്ന് അവിടുത്തെ പുകപ്പുരയിൽ നിന്നും മോഷ്ടിച്ച റബ്ബർ ഷീറ്റുകൾ കണ്ടെടുത്തു. മോഷ്ടിച്ചത് ഇന്നലെയാണെങ്കിലും കടത്തിക്കൊണ്ടു പോയിരുന്നില്ല. പിറ്റേന്നും കൂടി കവർച്ച ചെയ്യുന്നതേല്ലാം കൂടി ഒരുമിച്ച് വണ്ടി കൊണ്ടു നിർത്തി എടുത്തുകൊണ്ടു പോകാനായിരുന്നിരിക്കണം.

എന്തായാലും തലേന്നു മോഷ്ടിച്ച ഷീറ്റ് കള്ളന്മാർക്ക് നഷ്ടമായി. അല്പ സമയങ്ങൾക്കുള്ളിൽ പോലീസ് വന്നപ്പോൾ ആ ഷീറ്റുകൾ അവരെ ഏല്പിച്ചു. പോലീസ് വന്ന് നേരത്തെ പറഞ്ഞ ആ മദ്യപാനിയെയും കൂടി വിളിച്ചുണർത്തി പിടിച്ചുകൊണ്ട് പോയി. ഒരു പക്ഷെ കള്ളന്മാരുമായി എന്തെങ്കിലും ബന്ധം ഉണ്ടെങ്കിലോ? അതൊരു പാവം അപ്പാപിയായിരുന്നു. പിറ്റേന്ന് സ്റ്റേഷനിൽനിന്നും റിലീസ് ചെയ്തു.

കള്ളനെ കിട്ടിയില്ലെന്നു കരുതി നമ്മൾ രാത്രി പിന്മാറാൻ കൂട്ടാക്കിയില്ല. രാത്രി പരിസരപ്രദേശമാകെ പലപ്രാവശ്യം അരിച്ചുപറക്കി. റോഡരികിലുള്ള വീടുകളുടെയെല്ലാം ടെറസിലും കുളിമുറിയിലും പണിതീരാ‍ത്ത വീടുകളുടെ അകത്തും ഒക്കെ കയറിനോക്കി. കാടായ കാടൊക്കെ അരിച്ചു പറക്കി. കലുങ്കുകളുടെ അടിയിൽ പോലും കയറി നോക്കി. കുറെ വീട്ടുകാരെ വിളീച്ചുണർത്തി ഉറക്കമൊഴിഞ്ഞിരിക്കാൻ പറഞ്ഞു. പട്ടി കുരയ്ക്കുന്ന ഭാഗങ്ങളിൽ ഒക്കെ ഞങ്ങൾ പോയി നോക്കി. വെളുക്കുവോളം ശ്രമിച്ചിട്ടും കള്ളനെ അഥവാ കള്ളന്മാരെ കിട്ടിയില്ല. പിന്നെ തലേദിവസം പോയ റബ്ബർഷീറ്റുകൾ തിരിച്ചു കിട്ടിയത് മിച്ചം. പുലർച്ചെ എല്ലാവരും മടങ്ങി. നമ്മൾ പോയതിനു ശേഷവും രണ്ടുമൂന്നുപേർ ഉറക്കമൊഴിഞ്ഞിരുന്നു.

പക്ഷെ
നേരം വെളുത്തപ്പോൾ അറിയുന്നു നമ്മൾ കള്ളനെ തിരക്കി നടന്ന ഒരു വഴിയരികിൽ തന്നെയുള്ള മറ്റൊരു വീട്ടിലെ ഗോഡൌണിൽ സൂക്ഷിച്ചിരിക്കുന്ന ലക്ഷങ്ങൾ വിലയുള്ള റബ്ബർ ഷീറ്റ് മോഷണം പോയിരിക്കുന്നു.ആ വീട് റോഡിൽനിന്ന് അല്പം ഉള്ളിലായതിനാൽ നമ്മൾ കയറി നോക്കിയതുമില്ല; ആ വീട്ടുകാരുടെ ഫോൺ നമ്പർ ഇല്ലാത്തതിനാൽ നമ്മൾ അവരെ വിളിച്ചുണർത്തിയിരുന്നുമില്ല. നമ്മൾ ഇത്രയും വലിയ ജനക്കൂട്ടം കള്ളന്മാരെ തിരക്കി നടക്കുമ്പോൾ നമ്മളെയെല്ലാം വിഡ്ഢികളാക്കിക്കൊണ്ട് കള്ളന്മാർ കവർച്ച നടത്തുകയായിരുന്നു!

ഫലത്തിൽ രായ്ക്കുരാമാനം മഞ്ഞുകൊണ്ട് പനിപിടിച്ചും ഓടിയും മതിൽ ചാടിയും കാലുകളുടെ മസിലുപിടിച്ചും എന്റെ രണ്ടുമൂന്നു ദിവസത്തെ എല്ലാ പരിപാടികളും വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ആശുപത്രിയിൽ ചെന്നാൽ അവിടെ കിടക്കാൻ പറയും. അതു വേണ്ടെന്ന് വച്ച് വീട്ടിൽ കിടക്കുകയാണ്. വയ്യെങ്കിലും ഇന്ന് ഇതെഴുതാതെ എനിക്കു കിടന്നാൽ ഉറക്കം വരില്ല. തിരുവനന്തപുരത്ത് ചലച്ചിത്ര ക്യാമ്പിന് ഇന്ന് പോകൻ കഴിഞ്ഞില്ല ഇനി ഈ അവസ്ഥയിൽ നാളെയും പോകാൻ കഴിയില്ല. കാലിൽ കൊടാലി തൈലം ഒക്കെ തൊട്ടു തേച്ച് സ്വന്തം ചികിത്സാർത്ഥം ഒരു ഗുളികയും ഒക്കെ കഴിച്ചിട്ട് ഇരുന്നാണ് ഇതെഴുതുന്നത്. ഇതെഴുതിയിട്ട് വീണ്ടും കിടക്കണം. കുറഞ്ഞപക്ഷം ഒരാഴ്ച് റെസ്റ്റ് തന്നെ!

പിന്നീട് കൂട്ടിച്ചേർക്കുന്നത്: തീർന്നില്ല. ഇന്ന് ( ജനുവരി 23 ഞായർ) രാവിലെ തട്ടത്തുമലയിൽ നടക്കാനിറങ്ങിയ ചിലർ എയർ ബാഗും ഒരു കീസുമായി നടന്നുവന്ന അപരിചിതനായിരുന്ന ഒരു ജന്റിൽമാനെ സംശയം തോന്നി പിടിച്ചു നിർത്തി ബാഗ് പരിശോധിച്ചപ്പോൾ നിറയെ റബ്ബർ ഷീറ്റുകൾ!ആളിനെ പോലീസിനു കൈമാറി! ഇനി ആരൊക്കെയാണ് കൂട്ടുകള്ളന്മാർ എന്നറിയണം.

എൽ.ഡി.ക്ലാർക്ക് ഉദ്യോഗം ഇനി പ്ലസ്-ടൂക്കാർക്കു മാത്രം !


എൽ.ഡി.ക്ലാർക്ക് ഉദ്യോഗം ഇനി പ്ലസ്-ടൂക്കാർക്കു മാത്രം !

ഒട്ടേറെ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ സർക്കാരാണ് ഇപ്പോഴത്തെ ഇടതുമുന്നണി സർക്കാർ.എന്നിട്ടും ജനങ്ങൾ വോട്ടു കുത്തിയതെല്ലാം തിരിച്ചും. ഇപ്പോൾ ദാ ഒരു വിഭാഗം യുവ വോട്ടർമാരെ കൂടി എൽ.ഡി.എഫിന് എതിരാക്കാനുള്ള ഒരു തീരുമാനം നടപ്പിലാ‍ക്കിയിരിക്കുന്നു. അതായത് എൽ.ഡി ക്ലാർക്ക് ഉദ്യോഗത്തിനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ്-ടൂ ആക്കിയിരിക്കുന്നു. എസ്.എസ്.എൽ.സി ക്കാർ ഇനി എൽ.ഡി സി സ്വപ്നം കാണേണ്ട. പി.എസ്.സി സർക്കാർ നിർദ്ദേശം അംഗീകരിച്ചു. ഇനി ഓരോന്നോരോന്നായി പ്ലസ്-ടൂ അടിസ്ഥാന യോഗ്യതയാക്കും.

എന്താണ് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ കാരണമെന്നറിയില്ല. ഞങ്ങൾക്ക് എൽ.ഡി.സി ഉദ്യോഗം വേണ്ടെന്ന് എസ്.എൽ.സിക്കാർ പറഞ്ഞോ? എസ്.എസ്.എൽ.സി ക്കാരെ ഒഴിവാക്കണമെന്ന് പ്ലസ്-ടൂ മുതൽ മേലോട്ട് വിദ്യാഭ്യാസമുള്ള ആരെങ്കിലും ആവശ്യപ്പെട്ടോ? അതോ ഇതു വരെ സിവിൽ സർവീസിൽ നിലനിന്ന പ്രശ്നങ്ങൾക്കൊക്കെ കാരണം എസ്.എസ്.എൽ.സിക്കാരായ എൽ.ഡി.സി കളായിരുന്നോ? എസ്.എസ്.എൽ.സിക്കാർക്ക് എഴുതാനും വായിക്കാനും അറിയില്ലേ? അവർ ഫയലുകളിൽ വല്ല അക്ഷരത്തെറ്റുകളും വരുത്തിയിരുന്നോ? അവർ മണ്ടന്മാർ ആണെന്ന് ധരിക്കുന്നോ? ഒരു. എൽ.ഡി.സി ആകാൻ അത്യാവശ്യം മലയാളവും ഇംഗ്ലീഷും തെറ്റില്ലാതെ എഴുതാനുള്ള കഴിവു പോരെ? അതിപ്പോൾ വലിയ ബിരുദധാരികളാണെങ്കിലും മിക്കവരും ഉദ്യോഗത്തിൽ കയറിയിട്ടാണ് ശരിക്കും അക്ഷരം പഠിക്കുന്നത്.

ഏതു ഡിഗ്രിക്കാരനാണെങ്കിലും ഓരോ ഉദ്യോഗത്തിനും നിയമനം കിട്ടിയശേഷം പ്രത്യേകം പരിശീലനം നേടിയേ കഴിയൂ. അപ്പോൾ പിന്നെ എസ്.എസ്.എൽ.സിക്കാരായാലെന്ത്? പ്ലസ്- ടൂക്കാരായാലെന്ത്? അപ്പോൾ അതൊന്നുമല്ല; പലകാരണങ്ങളാൽ പ്ലസ് ടൂ വിദ്യാഭ്യാസം നേടാൻ കഴിയാതെ പോകുന്ന കുറെ പാവപ്പെട്ട നിർഭാഗ്യവാന്മാർക്കും നിർഭാഗ്യവതികൾക്കും ഇതുവരെയുണ്ടാ‍യിരുന്ന ഒരു അവകാശം നിഷ്കരുണം എടുത്തു കളഞ്ഞ് ശിക്ഷിക്കുന്നു. സ്വാഭാവികമായും സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന ജീവിത സാഹചര്യങ്ങൾ ഉള്ള കുട്ടികൾക്കാണ് എസ്.എസ്.എൽ.സിയ്ക്കപ്പുറമൊന്നും പഠിക്കാൻ കഴിയാതെ പോകുന്നത്. ആ പാവങ്ങളെ ഒന്നു മാറ്റി നിർത്തണം. അത്രയേ ഉള്ളൂ. അല്ലപിന്നെ!

എസ്.എസ്.എൽ.സിക്കാർ എൽ.ഡി.സി മാരാകുന്നതായിരുന്നു രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം. ഇനിയെല്ലാം ശരിയാകും. എന്തേ എൽ.ഡി. സി യ്ക്കുള്ള യോഗ്യത പ്ലസ് ടൂ ആക്കിക്കളഞ്ഞത്? ഐ.എ.എസ് ആക്കാമായിരുന്നില്ലേ? അതും അന്യ സംസ്ഥാനത്തു നിന്നും ഇറക്കുമതി ചെയ്യുന്ന ഐ.എ.എസുകാരായാൽ വളരെ നല്ലത്. മലയാളം അറിയാത്തവർ ആകുമ്പോൾ ജനങ്ങൾക്ക് കുറച്ചുകൂടി സൌകര്യമായിരുന്നേനെ! ഇതൊക്കെ ഒരു ഇടതുപക്ഷ സർക്കാരാണ് ചെയ്യുന്നത് എന്നോർക്കുമ്പോഴാണ് സങ്കടം. സകല പാപങ്ങളും എടുത്ത് തലയിൽ വച്ചുകൊള്ളണം. പാവം എസ്.എസ്.എൽ.സിക്കാർ എന്തു തെറ്റു ചെയ്തു? ചിലർ എസ്.എസ്.എൽ.സി കഴിഞ്ഞ് പ്ലസ്-ടുവിനു പോകാതെ മറ്റു ചില കോഴ്സുകൾ തെരഞ്ഞെടുക്കും. ചിലർ പോളി ടെക്നിക്കിലോ ഐ.റ്റി.ഐക്കോ ഒക്കെ പോകും.ഇനിയിപ്പോൾ അവർക്ക് എൽ.ഡി.സി പരീക്ഷ എഴുതാനാകില്ല. ചിലർ പ്രൈവറ്റ് ആയി വല്ല കമ്പ്യൂട്ടർ കോഴ്സിനോമറ്റോ പോകും. അവർക്കും എൽ.ഡി.സി അന്യമായി.

ഇനിയും ചില കുട്ടികൾ ജീവിത സാഹചര്യങ്ങൾ കൊണ്ട് എസ്.എസ്.എത്സിയ്ക്കപ്പുറം പഠിക്കാൻ കഴിയാതെ പോകുന്നവരാണ്. അവർക്കും ഒരു അവസരം നിഷേധിക്കപ്പെട്ടു. സത്യത്തിൽ ഇതിന്റെ ഒന്നും ആവശ്യമില്ല. കുറച്ച് എസ്.എസ്.എൽ സിക്കാർ എൽ.ഡി.ക്ലാർക്കുമാരായാൽ ആർക്കാണ് ചേതം? ഇതൊക്കെ ചില പ്രത്യേക കടിരോഗം ബാധിച്ച ചില ഉദ്യോഗസ്ഥന്മർ സർക്കാരിനെക്കൊണ്ട് ചെയ്യിക്കുന്നതാണ്. എസ്.എസ്.എൽ.സി പരീക്ഷ എടുത്തുകളഞ്ഞിട്ട് ആൾപ്രമോഷൻ രീതിയിൽ എല്ലാവരെയും ജയിപ്പിച്ച് പ്ലസ് ടുവിലേയ്ക്ക് പ്രമോട്ട് ചെയ്യണം. അപ്പോൾ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ ഇന്നത്തെ വില പ്ലസ്-ടൂ സർട്ടിഫിക്കറ്റിനാകും. എന്നിട്ടാണ് സർക്കാർ ഈ തീരുമാനം എടുത്തിരുന്നതെങ്കിൽ പിന്നും ന്യായീകരിക്കാമാ‍യിരുന്നു.

പത്താം തരം കഴിഞ്ഞ് പ്ലസ് ടുവിന് അഡ്മിഷൻ നൽകാതെ കുറെ കുട്ടികളെ വഴിയാധാരമാക്കി വിട്ടിട്ട് ഇത്തരം മൊണഞ്ഞ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് ഒരു തരത്തിൽ ജനദ്രോഹമാണ്. എല്ലാവർക്കും പത്തു കഴിഞ്ഞ് പ്ലസ്-ടുവിനു പഠിക്കാനുള്ള സൌകര്യം എന്തുകൊണ്ട് നമ്മുടെ സ്കൂളുകളിൽ ഏർപ്പെടുത്തുന്നില്ല? എന്നിട്ടൊക്കെയാണ് ഈ പത്താം തരക്കാരെ എൽ.ഡി.സിയിൽ നിന്ന് ഒഴിച്ചുനിർത്തുന്നതെങ്കിൽ കുഴപ്പം പറയാൻ ഇല്ലായിരുന്നു. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ വില ഇപ്പോൾ അത്രയ്ക്കങ്ങു താഴ്ത്തിക്കെട്ടേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല. പ്രത്യേകിച്ചും ഇടതുപക്ഷം ഭരിക്കുമ്പോൾ!

എന്തായാലും ഈയുള്ളവനവർകൾ പറയുന്നത് എൽ.ഡി.സി ആകാനുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി ആയിത്തന്നെ നിലനിർത്തിയാൽ മതി. ഒരു ഒണക്ക എൽ.ഡി.സി ആകാൻ നമ്മുടെ എസ്.എസ്.എൽ.സി യോഗ്യതയൊക്കെ മതി. മാറ്റേണ്ടതും തിരുത്തേണ്ടതുമായ എന്തെല്ലാം മൊണഞ്ഞ നിയമങ്ങൾ മാറാല പിടിച്ച് കിടക്കുന്നു. അതെങ്ങാനും പൊളിച്ചെഴുതാൻ നോക്കാതെ ഒരു വലിയ സംഭവം നടത്തിയിരിക്കുന്നു? ഇത്രയും ക്രൂരത പാവം എസ്.എസ്.എൽ.സി യോഗ്യത മാത്രമുള്ള പിള്ളേരോട് കാണിക്കേണ്ട യാതൊരാവശ്യവും ഇപ്പോൾ ഇല്ലായിരുന്നു. ഇനിയിപ്പോൾ അതൊന്നും പറഞ്ഞിട്ടു കാര്യമില്ല. നിയമമായിപ്പോയി! ഇനിയിപ്പോള്‍ എന്ത് പറയാന്‍ ?

Thursday, January 20, 2011

ദൃശ്യഭാഷയുടെ ധൈഷണിക വാ‍യന


ദൃശ്യഭാഷയുടെ ധൈഷണിക വാ‍യന

വനിതാ
സാഹിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള ചലച്ചിത്ര പഠന ക്യാമ്പിന്റെയും ചലച്ചിത്ര മേളയുടെയും പശ്ചാത്തലത്തിൽ എഴുതുന്നതാണ് കുറിപ്പ്. 2011 ജനുവരി 22,23 തീയതികളില്‍ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ചലച്ചിത്ര പഠനക്യാമ്പും, 2011 ഫെബ്രുവരി 25, 26, 27,28 തീയതികളില്‍ തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍ ഫിലിം ഫെസ്റ്റിവലും നടക്കും. ഇങ്ങനെ ഒരു പരിപാടി നടക്കുന്നുവെന്നറിഞ്ഞപ്പോൾ സ്ത്രീകൾക്ക് മാത്രമായി ഒരു ചലച്ചിത്ര പഠന ക്യാമ്പിന്റെയും മറ്റും പ്രസക്തി എന്താണ് എന്ന ചോദ്യം ചില ഭാഗങ്ങളിൽ നിന്നും ഉയർന്നുകേൾക്കുകയുണ്ടായി. സ്ത്രീശാക്തീകരണത്തിന്റെ ഈ കാലത്ത് അത്തരം ഒരു ചോദ്യത്തിനെന്തു പ്രസക്തി എന്ന മറുചോദ്യം കൊണ്ട് നേരിടാവുന്നതെയുള്ളൂ. എന്നാൽ അങ്ങാനെയൊരു മറുചോദ്യം ഉന്നയിച്ച് ഒഴിഞ്ഞു മാറുന്നത് ഈ ഒരു വിഷയത്തിൽ നല്ലൊരു ചർച്ച്യ്ക്കുള്ള അവസരം നഷ്ടപ്പെടുത്തും. അതുകൊണ്ടുകൂടിയാണ് ഈ കുറിപ്പ് കോറിയീടുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള ജീവ ശാസ്ത്രപരമായ വ്യത്യാസത്തെ പടേ നിരാകരിച്ചുകൊണ്ട് സ്ത്രീപക്ഷ ചിന്തകളിലും പ്രവർത്തനങ്ങളിലും സ്ത്രീപുരുഷ സമത്വ വാദങ്ങളിലും ഏർപ്പെടുന്നവർക്ക് മാത്രമേ സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇത്തരം സംരംഭങ്ങളെ വിമർശിക്കുവാൻ സാധിക്കൂ. നൂറ്റാണ്ടുകളായി പുരുഷാധിപത്യത്തിൻ കീഴിൽ അടിച്ചമർത്തപ്പെട്ടും പുരുഷന്റെ കൌതുവസ്തുവായും ഉപഭോഗ വസ്തുവായും ജീവിച്ചും പോന്നതിന്റെ ഫലമായി സ്ത്രീകളിൽ സാമൂഹ്യമായും മാനസികമായും ഉണ്ടായിട്ടുള്ള പ്രത്യാഘാതങ്ങളെ പരിശോധനാ വിധേയമാക്കുന്നിടത്ത് നിന്നാണ് ശരിയായ സ്ത്രീപക്ഷചിന്ത ആരംഭിക്കുന്നത്. സ്ത്രീപുരുഷ കാഴ്ചപ്പാടുകളിൽ ജൈവികവ്യതിയാനത്തിൽ അധിഷ്തിതമായ വ്യത്യാസങ്ങൾ ഉണ്ടാകാം. ചരിത്രപരവും സാമൂഹ്യവുമായ ചില ഘടകങ്ങളുടെ സ്വാധീനത്താലും സ്ത്രീകളുടെ കാഴ്ചപ്പാടുകളിൽ വേറിട്ട അംശങ്ങൾ ഉണ്ടാകും. ഇത് രണ്ടായാലും സ്ത്രീപക്ഷചിന്തകൾക്ക് പ്രാധാന്യമുണ്ട്. സ്ത്രീയും പുരുഷനും ജൈവികമായി വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന യാഥാർത്ഥ്യമാ‍ണ് സ്ത്രീപുരുഷ സമത്വം എന്ന അവകാശസ്ഥാപനത്തിലേയ്ക്ക് നയിക്കുന്നതുതന്നെ! അതുകൊണ്ട് ഏതെങ്കിലും മേഖലയിൽ സ്ത്രീകളുടേതു മാത്രമായ സംരംഭങ്ങളും കൂട്ടായ്മകളും ഉണ്ടാകുന്നതിനെ നിരാകരിക്കെണ്ട കാര്യമില്ല. ഈ ഒരു വിചാരത്തിൽ നിന്നുകൊണ്ടാണ് സിനിമയെയും സ്ത്രീകളെയും ബന്ധപ്പെടുത്തി ഈ കുറിപ്പ് തുടരുന്നത്.

ചലച്ചിത്രം ഒരു ഇലക്ട്രോണിക്ക് മാദ്ധ്യമമാണ്. അത് ശാസ്ത്രത്തിന്റെ ഒരു വലിയ നേട്ടമാണ്. ചലിക്കുന്ന കാഴ്ചകളെ ശബ്ദസഹിതം പിന്നീട് കാണാൻ പാകത്തിൽ സൂക്ഷിച്ചു വയ്ക്കാൻ കഴിയുന്ന അദ്ഭുതകരമായ കണ്ടുപിടുത്തം. ആധുനിക മനുഷ്യജീവിതത്തെ അളവറ്റ് സ്വാധീനിക്കാൻ പോന്ന ഒരു മാദ്ധ്യമമായി ചലച്ചിത്രം മാറിയതിൽ അതിശയിക്കാനില്ല. ശാസ്ത്രത്തിന്റെ ഏതുനേട്ടവും ശാസ്ത്രത്തെ അംഗീകരിക്കാത്തവർ കൂടി അനുഭവിക്കും എന്നതിൽ സംശമില്ല. സിനിമയും അങ്ങനെ തന്നെ. ഒരു ഇലക്റ്റ്ട്രോണിക്- സാങ്കേതിക മാദ്ധ്യമം എന്നതിനപ്പുറം സിനിമ ഒരു കലയാണ്. കേവലം ഒരു കല മാത്രമല്ല, സാഹിത്യം ഉൾച്ചേർക്കപ്പെടുന്ന കല. ഒരു സഹിത്യശില്പം എന്നു പറഞ്ഞാലും തരക്കേടില്ല. സിനിമ ഒരു കലയും സാഹിത്യവും ആകുന്നിടത്താണ് മറ്റേതൊരു കലയെയും സാഹിത്യശാഖയെയുംക്കുറിച്ച് ചോദിക്കുന്ന ഒരു ചൊദ്യം സിനിമയെക്കുറിച്ചും ഉണ്ടാകുന്നത്? കല വിജ്ഞാനത്തിനോ വിനോദത്തിനോ? അതോ കല കലയ്ക്കുവേണ്ടിത്തന്നെന്ന നിലപാടിൽ ഊന്നി ഒരു ദിശയിലൂടെ സിനിമയെയും നോക്കിക്കണ്ടാൽ മതിയോ? ഏതൊരു കലയിലും സഹിത്യവും വിജ്ഞാനവും വിനോദവും ഉൾച്ചേർന്നിരിക്കുന്നുവെന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നിടത്ത് കലയും സാഹിത്യവും എന്തിനു വേണ്ടി എന്ന ചോദ്യത്തിന് ലളിതമായ ഒരു ഉത്തരം നൽകി പിൻ വാങ്ങാൻ കഴിയില്ല. സിനിമയെ സംബന്ധിച്ചാകുമ്പോൾ പ്രത്യേകിച്ചും. കലയും സാഹിത്യവും മനുഷ്യനെ വിനോദിപ്പിച്ച് അവന്റെ മനസിന്റെ പിരിമുറുക്കം കുറയ്ക്കാൻ മാത്രമല്ല ഉതകുന്നത്. അവ മനുഷ്യന്റെ ചിന്തകളെ ഉദ്ദീപിപ്പിക്കുവാനും സഹായിക്കും. അവ മനുഷ്യനെ ബൌദ്ധികവും വൈജ്ഞാനികവുമായ വികാസത്തിലേയ്ക്ക് നയിക്കും.

ഏതൊരു കലയെയും സാഹിത്യത്തെയും രണ്ടുതരത്തിൽ സമീപിക്കുന്നവർ ഉണ്ട്. ഒന്ന് നേരം പോക്കിനു വേണ്ടിയുള്ള ആസ്വാദനം. മറ്റൊന്ന് ഗൌരവബുദ്ധ്യാ ധൈഷണികതയിലൂന്നി ആസ്വദിക്കുക. ഇതിൽ ആദ്യത്തേത് കേവലം വിനോദത്തിനു വേണ്ടിയുള്ള ആസ്വാദനമാണ്. രണ്ടാമത്തേതാകട്ടെ വിജ്ഞാനത്തിന്റെ സാദ്ധ്യതകളെ കൂടി കണക്കിലെടുത്തുകൊണ്ടുള്ള ആസ്വാദനമാണ്. വിജ്ഞാനം എന്നുള്ളിടത്ത് ഒരു കലാ സാഹിത്യ സൃഷ്ടിയിൽ നിന്നും ലഭിക്കുന്ന ഏതെങ്കിലും അറിവു മാത്രമല്ല, കലാ -സാഹിത്യ ശാഖയുടെതന്നെ സാദ്ധ്യതകളെ കൂടി മനസിലാക്കുക എന്നതും അടങ്ങിയിരിക്കുന്നു. ഇതിൽ ധൈഷണികമായ ഒരു തലത്തിൽ നിന്നുകൊണ്ട് കലയെയും സാഹിത്യത്തെയും നോക്കിക്കാണുകയാണ്. വിനോദത്തിനു വേണ്ടിയുള്ള ആസ്വാദനം വളരെ ലാഘവത്തോടെ നിർവ്വഹിക്കാം. എന്നാൽ ഗൌരവ ബുദ്ധ്യാ ഇവയെ സമീപിക്കുമ്പോൾ അത് വെറും ലളിതമായ ഒരു ആസ്വാദനം ആയിരിക്കില്ല. അതിന് അല്പം ബുദ്ധിപരമായ വ്യായാമം ആവശ്യമായി വരും. ഉദാഹരണത്തിന് വിനോദത്തിനു വേണ്ടി ഒരു സഹിത്യ രചന വായിക്കുമ്പോൾ ഒരിരിപ്പിൽ ഇരുന്ന് ഒറ്റ വായന കൊണ്ട് ആസ്വാദനത്തിന്റേതായ ഒരു വായനാനുഭവം സാദ്ധ്യമാക്കാം. ധൈഷണിക വായനയിൽ വായിക്കപ്പെടുന്ന രചനയുടെ മൌലികത, അതിന്റെ സാഹിത്യ മൂല്യം, അത് നൽകുന്ന സന്ദേശം, പ്രസ്തുത സാഹിത്യ ശാഖയ്ക്ക് രചന പുതുതായി എന്തെങ്കിലും ഒരു സംഭാവന നൽകുന്നുണ്ടെങ്കിൽ അത് തുടങ്ങി ഒട്ടേറെ കാര്യങ്ങളെ പരിശോധിച്ചുകൊണ്ടാകും അത് വായിച്ചു പോകേണ്ടത്. എന്നാൽ എല്ലാ സാഹിത്യസൃഷ്ടികൾക്കും ധൈഷണിക മൂല്യം ഉണ്ടായിക്കൊള്ളണം എന്നില്ല. എന്നാൽ ഗൌരവമായ സമീപനം ആവശ്യപ്പെടുന്ന സൃഷ്ടികൾ അങ്ങനെ തന്നെ വായിക്കപ്പെടുന്നതും മറിച്ച് ലാഘവത്തൊടെ അതിന്റെ വിനോദ മൂല്യത്തിൽ മാത്രം ഊന്നി നിൽക്കുന്നതും തമ്മിൽ വ്യതാസമുണ്ട്.

ചുരുക്കത്തിൽ കലയെയും സാഹിത്യത്തെയും ഗൌരവ ബുദ്ധ്യാ സമീപിക്കുന്നവർക്ക് ബൌദ്ധികവും വൈജ്ഞാനികവുമായ ചില ചുമതലകൾ വന്നുചേരുന്നു. ആസ്വാദനക്ഷമതയും ധൈഷണികപിൻബലവും കൂടി ഉൾക്കൊണ്ട് ഒരു കലാ- സാഹിത്യസൃഷ്ടി എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നിടത്ത് സൃഷ്ടികർത്താവിനും ആസ്വാദകനും അത് കൂടുതൽ സംതൃപ്തിയും ബൌദ്ധികമായ പുത്തനുണർവ്വും പ്രദാനം ചെയ്യുന്നു. സൃഷ്ടികർത്താവിന്റെയും ആസ്വാദകന്റെയും ബൌദ്ധികമായ വളർച്ചയ്ക്കും വികാസത്തിനും കൂടി ഇത് കാരണമാകും. ഇപ്പോൾ നമ്മൂടെ കഥകളി എന്ന കലയുടെ കാര്യമെടുത്താൽ അതുസംബന്ധിച്ച് ഒരു ചൊല്ലുതന്നെയുണ്ട്. കഥയറിയാതെ ആട്ടം കാണുകയെന്ന്. അതായത് കഥകളി ശരിക്ക് ആസ്വദിക്കണമെങ്കിൽ കഥയറിയണം. എന്നാൽ കഥയറിയാതെയും കഥകളിയെക്കുറിച്ച് യാതൊന്നും അറിയാതെയും കഥകളി കാണുന്നവർ ഉണ്ട്. എന്നാൽ കഥയും കഥകളിയും എന്തെന്ന് അറിഞ്ഞ് ആ‍ കല ആസ്വദിക്കുന്നതും വെറും കൌതുകത്തിനും വിനോദത്തിനും വേണ്ടി ആസ്വദിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഇത് എല്ലാ കലകൾക്കും സാഹിത്യശാഖകൾക്കും ബാധകമാണ്. സിനിമയെയും ഇതിൽനിന്ന് മാറ്റി നിർത്താൻ കഴിയില്ല. കാരണം സിനിമ സാങ്കേതികവിദ്യയുടെ കലയാണ്. നിരവധി സങ്കേതങ്ങൾ സമന്വയിപ്പിക്കുമ്പോഴാണ് ഒരു സിനിമ രൂപപ്പെടുന്നത്. ഒരു സിനിമയുടെ വിജയത്തിന് അതിന്റെ പിന്നിൽ നടക്കുന്ന സാങ്കേതികമായ പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ട്. മാത്രവുമല്ല ശാസ്ത്രം കൂടുതൽ നേട്ടങ്ങൾ ആർജ്ജിക്കുന്ന മുറയ്ക്ക് സിനിമയിൽ ഉപയോഗിക്കവുന്ന സങ്കേതങ്ങളുടെ സാദ്ധ്യത വർദ്ധിച്ചുകൊണ്ടിരിക്കുന്നതാണ്. അതുകൊണ്ട് ഒരു സിനിമ ആസ്വദിക്കുവാൻ ഗൌരവ ബുദ്ധ്യാസമീപിക്കുന്നവർക്ക് സാങ്കേതിക മികവുകൾ കൂടി കണക്കിലെടുക്കേണ്ടിവരും.പ്രത്യേകിച്ചും സിനിമ ഒരുപാട് സങ്കീർണ്ണമായ സങ്കേതങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ചെടുക്കുന്ന ഒരു സാഹിത്യശില്പം ആകുമ്പോൾ. കേവലം സാങ്കേതികതയിൽ ഊന്നി നിന്ന് സിനിമയെ നോക്കിക്കാണണമെന്നല്ല ഇവിടെ സൂചിപ്പിക്കുന്നത്.

സിനിമ ഒരു കലയാണ്. സിനിമയ്ക്ക് ഒരു പ്രമേയം ഉണ്ടാകും. പ്രമേയമാണ് അതിലെ സാഹിത്യം. കഥയായും തിരക്കഥയായും കവിതയായും പ്രമേയം അതിൽ ഉൾച്ചേർന്നിരിക്കും. സിനിമയെ സാങ്കേതികമായി കൂടുതൽ അടുത്തറിഞ്ഞ സംവിധായകന്റെ കലാബോധവും കാഴ്ചപ്പാടുമാണ് ഒരു സിനിമ എങ്ങനെ സ്ക്രീനിൽ വായിക്കപ്പെടണം അഥവാ പ്രേക്ഷണം ചെയ്യപ്പെടണം എന്നു നിർണ്ണയിക്കുന്നത്. പക്ഷെ സംവിധായകനും രചയിതാക്കളും വിചാരിക്കുന്നതുപോലെ അത് അഭ്രപാളികളിൽ എത്തണമെങ്കിൽ എണ്ണപ്പെട്ട സാങ്കേതങ്ങൾ അഥവാ ടൂളുകളും അവയിൽ വൈദദ്ധ്യം നേടിയ പിന്നണി പ്രവർത്തകരും ഒരുപാട് വിയർപ്പൊഴുക്കണം. അപ്പോൾ സിനിമ എന്നത് സംവിധയകന്റെ മാത്രമോ രചയിതാവിന്റെ മാത്രമോ നിർമ്മാതാവിന്റെ മാത്രമോ ആയ ഒരു കലയായി പരിഗണിയ്ക്കാനാകില്ല. അത് കൂട്ടായ്മയുടെ കലയാണ്. എത്രയോപേരുടെ വിവിധ തലങ്ങളിലുള്ള ശാരീരികവും മാനസികവുമായ അദ്ധ്വാനത്തിനൊടുവിലാണ് ഒരു സിനിമ അഭ്രപാളികളിൽ കാഴ്ചക്കാരനു മുന്നിൽ എത്തുന്നത്. ഇത് സങ്കീർണ്ണമായ നിർമ്മാണഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒരു കലയാണ്. അത് വിനോദസിനിമയായാലും ധൈഷണികത ഉൾക്കൊള്ളുന്ന സിനിമയായാലും. ഇവിടെ പറഞ്ഞു വരുന്നത് ഒരു സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെടുന്നവർ അതിന്റെ ഓരോ മേഖലയിലും വൈദഗ്ദ്ധ്യം നേടിയവർ ആയിരിക്കും; എന്നാൽ വേണ്ടതെല്ലാം ഒത്തുചേർന്ന് ഒരു അന്തിമോല്പന്നമായി അത് പ്രേക്ഷകനു മുന്നിൽ എത്തുമ്പോൾ പ്രേക്ഷകന് ചലച്ചിത്രം അത് ചെറിയ ഒരു ചിത്രമാകട്ടെ മുഴുനീളൻ സിനിമയാകട്ടെ സീരിയലുകളാകട്ടെ, അത് ആസ്വദിക്കുവാൻ എന്തെങ്കിലും പരിശീലനം ആവശ്യമുണ്ടോ എന്നതിനെക്കുറിച്ചാണ് ഇവിടെ പറഞ്ഞുവരുന്നത്.

തീർച്ചയായും ഒരു സിനിമ കാ‍ണാൻ സിനിമയുടെ എല്ലാ സാങ്കേതികവശങ്ങളും അക്കാഡമിക്കലായി പഠിക്കണമെന്നില്ല. മറ്റേതൊരു കലയ്ക്കും ഇങ്ങനെ ഒരു മുൻ ഉപാധി ഇല്ലതന്നെ. എന്നാൽ ഒരു കലയെയും അതിന്റെ സാദ്ധ്യതകളെയും അടുത്തറിഞ്ഞ് ആസ്വദിക്കുന്നതിൽ ഉള്ള മെച്ചങ്ങളെ ഉയർത്തിക്കാട്ടേണ്ടതുണ്ട്. ഒരു വിനോദസിനിമ ആസ്വദിയ്ക്കുന്നതിന് ഒരു കാഴ്ചക്കാ‍രനായി മുന്നിൽ ഇരുന്നു കൊടുക്കണം എന്നതിനപ്പുറം ഒരു മുൻ ഉപാധിയും ഇല്ല. എന്നാൽ കേവലവിനോദത്തിനു വേണ്ടി മാത്രമല്ല ഇവിടെ സിനിമകൾ നിർമ്മിക്കപ്പെടുന്നത്. ധൈഷണിക തലത്തിൽ നിന്ന് ഗൌരവ പൂർവ്വം സൃഷ്ടിക്കപ്പെടുന്ന സിനിമകളും ഉണ്ട്. ഇത്തരം ഒരു വേർതിരിവ് അതായത് വിനോദ ചിത്രങ്ങളും പലരും ബുദ്ധിജീവി ചിത്രങ്ങൾ എന്ന് പരിഹസിക്കുന്ന കലാമൂല്യമുള്ള ചിത്രങ്ങളും എന്ന തരംതിരിവ് സിനിമയുടെ ആവിർഭാവ കാലഘട്ടം മുതൽക്കുള്ളതാണ്. സിനിമയുടെ വിനോദമൂല്യം ഇവിടെ നിരാകരിക്കുന്നില്ല. വിനോദ മൂല്യമാണ് സിനിമയെ ഒരേസമയം ജനകീയവും തദ്വാരാ ഒരു വ്യവസായവുമാക്കിത്തീർക്കുന്നത്. ആധുനിക കാലത്തെ ഏറ്റവും വലിയ ജനപ്രിയ കല സിനിമ തന്നെയാണ്. അത് ആർട്ട് സിനിമകളായാലും കച്ചവട സിനിമകൾ ആയാലും. സാമൂഹ്യ പ്രതിബദ്ധതയുടെയും ധൈഷണികാംശങ്ങളുടെ ദൃശ്യവൽക്കരണത്തിന്റെയും സിനിമയുടെ സംവേദന ക്ഷമതയുടെയും മറ്റും സാദ്ധ്യതകൾ മുൻനിർത്തി നിർമ്മിക്കുന്ന സിനിമകൾ കാല ദേശാതിവർത്തികളാണ്. അവ ഗൌരവമായ കാഴചയെ ആവശ്യപ്പെടുന്നവയാണ്. അതിനാകട്ടെ സിനിമയുടെ വിവിധ തലങ്ങളെക്കുറിച്ച് സാമാന്യമായ ഒരു പരിജ്ഞാനം അവശ്യം വേണ്ടതും തന്നെയാണ്. ഇവിടെയാണ് ചലച്ചിത്ര ശില്പശാലകളുടെയും ഫിലിം ഫെസ്റ്റിവെലുകളുടെയും ഓപ്പൺഫോറത്തിന്റെയും ഒക്കെ പ്രസക്തി. ദൃശ്യഭാഷയുടെ സാദ്ധ്യതകളെ സംബന്ധിച്ച് ഒരു സാമാന്യ ജ്ഞാനം ഒരു പ്രേക്ഷകന് ഉണ്ടാകുന്നത് സിനിമയെ ശരിയായി ആസ്വദിക്കുവാനും വിലയിരുത്താ‍നും സഹായിക്കും. ഇവിടെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായ ഒരു പരിശീലനത്തിന്റെ ആവശ്യമെന്ത് എന്നതാണ് ചിലർ ഉയർത്തുന്ന ചോദ്യം. സ്ത്രീകളുടെയും പുരുഷന്മാരുടെയും കാഴ്ചകൾ തമ്മിലെന്ത് വ്യത്യാസം എന്നതായിരിക്കാം ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മിൽ കഴ്ചകൾ സംബന്ധിച്ച് വ്യത്യാസമില്ല. പക്ഷെ കാഴ്ചപ്പാടുകൾ തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. ഇത് എല്ലാ കാര്യത്തിലും ഉള്ളതല്ല. എങ്കിലും ചില കാര്യങ്ങളിൽ അതുണ്ട്. അതിന്റെ കാരണങ്ങൾ പലതാണ്.

സ്ത്രീപുരുഷസമത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ പോലും സ്ത്രീയും പുരുഷനും തമ്മിലുള്ള ജീവശാസ്ത്രപരമായ വ്യത്യാസങ്ങളെ നിരാകരിക്കാൻ പാടുള്ളതല്ല. സ്ത്രീപുരുഷ വിവേചനമെന്ന ജൈവികേതരമായ സമീപനങ്ങളുമായി ബന്ധപ്പെട്ടാണ് സ്ത്രീപുരുഷ സമത്വം സംബന്ധിച്ച ആശയങ്ങൾ ഉരുത്തുരിഞ്ഞു വരുന്നത്. അല്ലാതെ സ്ത്രീയും പുരുഷനും തമ്മിലുള്ള ജൈവികമായ വ്യത്യാസത്തിന്റെ നിഷേധമല്ല അത്. സ്ത്രീയും പുരുഷനും തമ്മിൽ കാഴ്ചപ്പാടുകളിൽ വ്യത്യാസങ്ങൾ ഉണ്ട്. കാഴ്ചപ്പാടുകളിലുള്ള വ്യത്യാസങ്ങളിൽ പലതും ജൈവികമായ സ്ത്രീപുരുഷ വ്യത്യാസങ്ങൾ മൂലം ഉണ്ടാകുന്നതല്ല. സ്ത്രീകളുടെ സാമൂഹ്യ സാഹചര്യങ്ങളാൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ ആണ്. ന്നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ഒരു വർഗ്ഗത്തിന്റെ കാഴ്ചപ്പാടുകളും മറിച്ച് എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ച് ജീവിക്കുന്ന പുരുഷ വർഗ്ഗത്തിന്റെ കാഴ്ചപ്പാടുകളും തമ്മിൽ വ്യതിരക്തതകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. നമ്മുടെ സ്ത്രീകൾ കാഴ്ചകൾ കാണുന്നതിലും കലാസാഹിത്യാദികൾ ആസ്വദിക്കുന്നതിലും പുരുഷനെ അപേക്ഷിച്ച് പ്രത്യേകതകൾ ഉണ്ട്. അത് നിഷേധിച്ചിട്ടു കാര്യമില്ല.

എന്തുകൊണ്ടാണ്
നമ്മുടെ സ്ത്രീകൾ ഗൌരവ ബുദ്ധ്യാ സിനിമയെയും മറ്റ് കലാസാഹിത്യാദികളെയും സമീപിക്കാത്തത്? അവർ പൈങ്കിളി സീരിയലുകളിലും മറ്റും കുടുങ്ങിക്കിടക്കുന്നതെന്തുകൊണ്ടാണ്? അവരുടെ ജീവിതവീക്ഷണം വല്ലാതെ ചുരുങ്ങിപ്പോകുന്നതെന്തുകൊണ്ടാണ്? ഇത് സ്ത്രീപുരുഷ വിവേചനം എന്ന നൂറ്റാണ്ടുകളുടെ യാഥാർത്ഥ്യം മുൻനിർത്തി സാമൂഹ്യശാസ്ത്രപരമായി പരിശോധിക്കപ്പെടേണ്ട ഒന്നാണ്. എന്തുകൊണ്ടാണ് ബുദ്ധിപരമായ ഒരു വ്യായാമത്തിനും നമ്മുടെ സ്ത്രീസമൂഹം തയ്യാറാകാത്തത്? സ്ത്രീകൾക്ക് വേണ്ടിയുള്ള ചലച്ചിത്ര പഠന ക്യാമ്പുകളുടെയും മറ്റും പ്രസക്തി. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാനുള്ളത് ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇന്ന് സ്ത്രീകളുടെ സാന്നിദ്ധ്യം ഉണ്ട്. എന്നാൽ സിനിമയുടെ മേഖലയിൽ മാത്രം സ്ത്രീ സാമീപ്യം പുരുഷനെ അപേക്ഷിച്ച് വളരെ കുറവാണ്. സ്ത്രീകൾ മാറ്റിനിർത്തപ്പെട്ട ഒരു മേഖലയാണിത്. അല്ലെങ്കിൽ നോക്കൂ, സിനിമകളിൽ സ്ത്രീകൾ എത്രപേർ സംവിധായകരാകുന്നു? എത്രസ്ത്രീകൾ സിനിമയ്ക്ക് കഥയോ തിരകഥയോ എഴുതിയിട്ടുണ്ട്? കുറെ നടിമാർ ഉണ്ടാകുന്നുവെന്നതു നേര്. അവർ ബഹുഭൂരിപക്ഷവും സിനിമയെ പണം നേടാനുള്ള ഉപാധി എന്ന നിലയിൽ അല്ലാതെ ഗൌരവ ബുദ്ധിയോടെ കാ‍ണുന്നവരേ അല്ല. സിനിമയുടെ ധൈഷണികവും സാങ്കേതികവുമായ ഏതേതു മേഖലകളിലാണ് ഇന്ന് നമ്മുടെ സ്ത്രീകൾ കടന്നുചെന്നിട്ടൂള്ളത്? അവരെന്തുകൊണ്ടാണ് ധൈഷണികമായി ഒരു സിനിമയെ സമീപിക്കുകയോ വായിക്കുകയോ ചെയ്യാത്തത്? ഇത്തരം ചില ചോദ്യങ്ങൾക്ക് നാം ശരിയായ ദിശകളിലൂടെ ചെന്ന് ഉത്തരം കാണേണ്ടതും പരിഹാരം കാണേണ്ടതും സ്ത്രീശാക്തീകരണത്തിന്റെ ഇക്കാലത്ത് വളരെ പ്രസക്തമായ ഒരു കാര്യമാണ്. നമ്മുടെ സിനിമകൾ എല്ലാം വീരപുരുഷനായക സങ്കല്പത്തിൽ അധിഷ്ഠിതമാണ്. പുരുഷകേന്ദ്രീകൃതമായ പ്രമേയമാണ് മിക്കവറും എല്ലാ സിനിമകളും കൈകാര്യം ചെയ്യുന്നത്. സ്ത്രീപക്ഷ സിനിമകളോ സ്ത്രീകേന്ദ്രീകൃതമായ പ്രമേയങ്ങളുൾക്കൊള്ളുന്ന സിനിമകളോ വളരെ കുറവാണ്. സിനിമയിൽ സ്ത്രീകളുടെ ധൈഷണിക സാന്നിദ്ധ്യം ഇല്ലാത്തതും ഇതിനൊരു കാരണമാണ്.

വനിതകൾക്ക് മാത്രമായി ഒരു ചലച്ചിത്രപഠനക്യാമ്പ് എന്തിന് എന്ന ചോദ്യത്തിനുള്ള ഒരു ഉത്തരം വനിതകൾ ഒരു സിനിമ നിർമ്മിക്കുമ്പോഴും അവർ ഒരു സിനിമ വായിക്കുമ്പോഴും അതായത് കാണുമ്പോഴും ഉള്ള വ്യത്യാസങ്ങൾ തിരിച്ചറിയുക എന്നതും കൂടിയാണ്. തീർച്ചയായും ഒരു തിരക്കഥ ഒരേ സമയം ഒരു സ്ത്രീയും മറ്റൊരു പുരുഷനും സിനിമയാക്കി മാറ്റുമ്പോൾ അവ തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകും. വ്യത്യാസങ്ങളിൽ ചിലതെങ്കിലും ഒരാൾ പുരുഷനും മറ്റൊരാൾ സ്ത്രീയും ആയതുകൊണ്ട്തന്നെ ഉണ്ടാകുന്നതായിരിക്കും. നിലയിൽ വനിതകൾക്കു മാത്രമായി ഒരു ശില്പ ശാല നടത്തുമ്പോൾ അത് സ്ത്രീകൾ മാറ്റി നിർത്തപ്പെട്ട ഒരു മേഖലയിൽ പുത്തൻ പ്രതീക്ഷകൾ നൽകുന്നതാണ്. തീർച്ചയായും സിനിമയുടെ മേഖലയിലും വേർതിരിച്ചറിയാൻ കഴിയുന്ന സ്ത്രീസ്പർശം ഉണ്ടാകേണ്ടത് അനിവാര്യമാണ്. അതിന് അവർക്ക് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകേണ്ടതുണ്ട്. വനിതാ സാഹിതി ഇത്തരം ഒരു പരിശ്രമത്തിലാണ്.അതിന്റെ ഭാഗമായി തന്നെയാണ് സ്ത്രീകൾക്ക് വേണ്ടി ശില്പശാല സംഘടിപ്പിക്കപ്പെടുന്നതും. 2011 ജനുവരി 22, 23 തീയതികളിൽ ആണ് വനിതകൾക്കായുള്ള ചലച്ചിത്ര പഠന ക്യാമ്പ്. 2011 ഫെബ്രുവരി 25, 26, 27,28 തീയതികളില്‍ തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍ ഫിലിം ഫെസ്റ്റിവലും നടക്കും. ഒരു പഠനക്ലാസ്സോ ചലച്ചിത്രോത്സവം കൊണ്ടോ മാത്രം സ്ത്രീകൾക്ക് സിനിമയുടെ മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാനാകും എന്നല്ല. മറിച്ച് ഇത് ഒരു സന്ദേശമാണ്.സ്ത്രീകളെ മുഖ്യധാരയിലേയ്ക്ക് ഉയർത്തിക്കൊണ്ട് വരണം എന്നു പറയുമ്പോൾ അത് സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് മാത്രമല്ല സിനിമയടക്കം എല്ലാ മേഖലകളിലേയ്ക്കും സ്ത്രീകളെ ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ട്. ചുരുക്കത്തിൽ സിനിമയ്ക്ക് ഒരു ദൃശ്യ ഭാഷയുണ്ട്. പരിമിതമായ ചില അറിവുകളെങ്കിലും ഉണ്ടാകേണ്ടത് ദൃശ്യ ഭാഷയുടേ ധൈഷണിക വായനയ്ക്ക് അവശ്യം വേണ്ടതാണ്. ഒരു കാര്യം പറഞ്ഞു നിർത്താം. ധൈഷണിക തലത്തിൽ നിന്നുകൊണ്ടും സിനിമകൾ നിർമ്മിക്കുകയും അത് ധൈഷണികതലത്തിൽ നിന്നുകൊണ്ടുതന്നെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു സമൂഹം എല്ലയ്പോഴും ഉണ്ടാകണം. ഇല്ലെങ്കിൽ കലയായ കലയെല്ലാം കാലം ചെയ്തുപോകും! കലകളുടെ കാര്യം മാത്രമല്ല ധൈഷണിക സാന്നിദ്ധ്യമില്ലാത്ത ഒരു സമൂഹം പുരോഗതിയിലേയ്ക്ക് മുന്നേറുകയില്ല.